2015 ഡിസംബർ 29, ചൊവ്വാഴ്ച

ഹെർബേറിയം

ഞരമ്പുകളൂറ്റി
പച്ചയായ
പച്ചകളെല്ലാമെടുത്ത്
ഉണക്കിവെച്ചിട്ടുണ്ട് ഞാൻ..

ഔഷധമെന്നോ
ദശപുഷ്പങ്ങളെന്നോ
മുദ്രകുത്തിയവ.

നാട്ടുപച്ചകളുടെ
ഓർമ്മയ്ക്ക്
പഴയ
പുസ്തകങ്ങൾക്കിടയിലെവിടെയോ
നിറംമങ്ങിയൊരു
താളിലുണ്ട്
പേരെഴുതിയ
കടലാസു തുണ്ട്
നെഞ്ചോടു ചേർത്ത്
വറ്റുടച്ചൊട്ടിച്ച
ഓരോർമ്മയും പേറി,

കരിയില മൗനത്തിലവ
നീറി നീറിപ്പൊടിയുന്നു;
ജീവനൂറ്റിയതിൻറെ
തീരാവേദനയിപ്പോഴുമുണ്ട്
വിളറിപ്പരന്നങ്ങനെ.. 😁

2015 ഡിസംബർ 25, വെള്ളിയാഴ്‌ച

മത്സ്യകന്യക

പെണ്ണുങ്ങൾ
മീനുകളെപ്പോലെയാണെന്ന്
പൊടിമണലിൽ
കടലിരമ്പങ്ങളാൽ
ശില്പം കൊത്തുന്നു
ശംഖുമുഖം..

ജനസാഗരത്തിൻ
വലയിൽ
കുരുങ്ങരുതേയെന്ന
പ്രാർത്ഥന ;
നീലപ്പൊന്മാൻ
കൊത്തിയെടുക്കരുതേയെന്ന് കൊതിക്കുന്ന
ഊളിയിടലുകൾ..

പ്രണയം
മീൻകണ്ണുകളാണെന്ന്
ചില
പിടഞ്ഞ നോട്ടങ്ങൾ;
പെറ്റുകൂട്ടണമൊരായിരം
കുഞ്ഞുങ്ങളെന്ന്
ഓരോ മഴമൗനങ്ങളും
(ഇടവപ്പാതിയും)..
കടലമ്മയുടെ
ചിരിയിലൊരു
കരയ്ക്കടിയണമെന്ന്
ചാകര.

കാഴ്ചകൾ വരണ്ട്
ചെതുമ്പലുകളെഴുതിയ
വർണ്ണങ്ങൾ
അഴിച്ച്
വിറങ്ങലിച്ചഴുകുമ്പോൾ;
പിറ്റേന്ന്
ദുർഗന്ധം വമിക്കുന്ന
പെണ്ണുടലാകാമെന്ന്
ഓരോ മീനും
ഓർമ്മിപ്പിക്കുന്നു..

2015 ഡിസംബർ 21, തിങ്കളാഴ്‌ച

ഡിസംബർ

● പണ്ടുപണ്ട്..
   വളരെ പണ്ട് അല്ല..
   കുസൃതിമുറ്റിയ
   അവധിക്കാലങ്ങളിൽ
   കൂട്ടിനെപ്പോഴും
   കണ്ണുകുത്തി
   ചെവിക്കു പിടിച്ച്
   നൂലുകെട്ടി
   മുഖം ചേർത്ത
   മുഖംമറകളുണ്ടായിരുന്നു..🎅

             *************
ഓർമ്മകളുടെ                  അയക്കോലിലിന്നുമുണ്ട്
ഡിസംബർ രാവുകളിൽ
മഴമാനുകളെ
തെളിച്ചെത്തുന്ന
ക്രിസ്മസ് അപ്പൂപ്പൻറെ
സമ്മാനപ്പൊതികൾ
കിനാക്കണ്ട്
തണുത്തുറഞ്ഞ
കാലുറകൾ.... 🎅🎄⛄💝🎁