2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ഫെമിനിസ്റ്റ്‌

പാത്രങ്ങളുടെ കനത്ത
തൊട്ടുരുമ്മലുകൾ-
ക്കിടയിൽ,
കഷ്ണിച്ചു തീരാത്ത
കത്തിയുടെ കൊലവിളി.

ചീറ്റിത്തെറിച്ചു
പുകയുന്ന
കുക്കറിന്റെ വിസിലടിക്കും
മുകളിൽ,
അരഞ്ഞു തേഞ്ഞ
മിക്സിയുടെ
കഠോര ശബ്ദം.

കടുകുവറുത്തു കരിഞ്ഞ
മണത്തിലാകട്ടെ,
കഞ്ഞിക്കലത്തിലെ
കല്ലുകടിയുടെ
തീരാവേദന.

ചിരവിത്തേഞ്ഞ
തെളിമോണ കാട്ടി
പല്ലിളിച്ചിരിക്കുന്ന
ചിരവയ്ക്കു മുന്നിൽ,
ഉപ്പും മുളകും കെട്ടുപിണഞ്ഞ്‌
രുചിയില്ലതായി
ത്തീർന്ന നാവുകൾ.
ഒടുവിൽ,
പകുതി കരിഞ്ഞ
വിറകു കൊള്ളിയായി
പുകച്ചു പുകച്ചു
പുറന്തള്ളപ്പെട്ടു.
ഇപ്പോൾ,
അടുക്കളപ്പുറത്ത്‌
സ്വതന്ത്രയായ്‌,
നിയമം വാദിച്ചിരിക്കുന്നു.