2015, ജൂലൈ 31, വെള്ളിയാഴ്‌ച

മഴയോർമ്മകൾ

അകത്തളങ്ങളിലെവിടെയോ
ചില തിരുശേഷിപ്പുകളുണ്ട്
കാഴ്ചവറ്റിയ ഇരുളൊളിയിൽ
നിഴലനക്കങ്ങളാൽ
കാലമളന്നവർ

കലണ്ടർ
മനോരമയെന്നറിയാഞ്ഞ്
ഞാറ്റുവേലയും
മഴപ്പിറവിയും
വെയിൽച്ചിരിയും
വിത്തിടലും വിളവെടുപ്പും
ഭൂതത്തിൽ ചികഞ്ഞ്
ദ്രവിച്ച ചിതലോർമ്മകളാൽ
മാത്രം മിണ്ടുന്നവർ
നിറവാർന്ന അനുഭവങ്ങളാൽ
കൊഞ്ഞനം കുത്തുന്നു

ഇടവപ്പാതിയും
സ്കൂൾ തുറക്കലും
പരസ്യം കാണാതെ
പ്രവചനം

തവളക്കരച്ചിലിൽ
പെരുമഴകണ്ടവർ
കാറ്റോടുകൂടി
മഴപോയെന്നാശ്വസിച്ച്
തുമ്പികൾ താഴ്ന്നുപറന്ന
ചിങ്ങവെയിലിൽ
ചിണുങ്ങിയെത്തുന്ന
മഴച്ചാറ്റൽ കൊതി

ഇടിവെട്ടിലോരോന്നിലും
കൂൺപിറവി വിധിച്ച്
പുതുവെള്ളപ്പെയ്ത്തിലും
പുഴവെള്ളച്ചാട്ടത്തിലും
ഒറ്റാലിട്ടു മീൻപിടുത്തം

മഴവെയിലുകളുടെ
ഒരുമയിലൊരു
കുഞ്ഞിക്കുറുക്കൻറെ
കല്യാണംകൂടൽ

പഴമയുടെ വേദവാക്യങ്ങളിൽ
അനുഭവത്താളുകൾ ചേർത്ത്
കാലംതെറ്റിയ മഴയിലൊരു
കലികാലം ഉറക്കെശപിച്ച്
ഉമ്മറത്തിണ്ണയിലിരുപ്പുണ്ട്
ഒരു കാലൻകുട കണക്കെ

സ്വപ്നങ്ങൾ

അവൾക്കുണ്ടായിരുന്നിരിക്കാം
ഇല്ലായ്മകളിൽ ചിറകുകരിഞ്ഞ
പെണ്മയുടെ മോഹങ്ങൾ

വരിഞ്ഞിറുക്കുന്ന ചുംബനത്തിൽ
ഓരോന്നിലും പൊട്ടിയതാലിച്ചരട്
മുറിപ്പാടിൻറെ നീറ്റലിൽ കൊതിച്ച
വാക്കുകളുടെ സ്നേഹസ്പർശം
അലസതയുടെ ബീജത്തിൽ
പിറക്കാൻ മറന്ന ഉണ്ണികൾ
വേദനയുടെ സ്വരജതികളിൽ
ഉണരാത്ത താരാട്ടുകൾ
വരണ്ട തൊണ്ടക്കുഴികളിലെ
അടങ്ങാത്ത മുലപ്പാൽച്ചിരി

അവളെ വേട്ടയാടിയിരിക്കാം
മടിക്കുത്തഴിക്കുമ്പൊഴും
പിടഞ്ഞെണീക്കുമ്പൊഴും
കുടുംബിനിയുടെ പേക്കിനാവുകൾ

ആവേശമടങ്ങി സുഖം വിലപേശി
കുപ്പായമണിഞ്ഞവരാരെങ്കിലും
ഓർത്തുകാണുമോ
അവളുടെ സ്വപ്നങ്ങൾ
കരിന്തിരി കത്തിയ കണ്ണുകൾ

2015, ജൂലൈ 28, ചൊവ്വാഴ്ച

മഴക്കാലയാത്ര

മഴപ്പകലിലൊരു യാത്രപോകണം
തണുപ്പ് പുതച്ച് കൂനിക്കൂടിയിരിപ്പ്
കലങ്ങിയൊഴുകുന്ന
പുഴപിന്നിടുമ്പോൾ
തെളിഞ്ഞ കിനാവുകൾ

വികസനംതീണ്ടാത്ത
പച്ചപ്പിൻറെ വന്യതയിൽ
നാം മാത്രമായി ഉയിരെടുക്കണം

ജനാലയ്ക്കരികിലിരുന്ന്
ഇറ്റുവീഴുന്ന മഴത്തുള്ളികളെ
ഇരുകണ്ണിലെഴുതണം

കണ്ണിൽ കണ്ണിൽ പുഞ്ചിരിപൂക്കുമ്പോൾ
നോട്ടംതെറ്റിച്ച് പുറംകാഴ്ചകൾ

മീൻചാട്ടങ്ങളുള്ള തെളിനീരുറവകളിൽ
പൊന്മാൻ വട്ടംവരയ്ക്കുമ്പോൾ
നാം നമ്മെ വരഞ്ഞുതീർക്കണം

ഒടുവിലൊരു മഹാമൗനംകുടിച്ച്
വശ്യതയുടെ നഗരത്തിലേക്കെന്നപോലെ
നിന്നിലേക്കു മാത്രമായെനിക്കു
കുതിച്ചു കിതച്ചെത്തണം

നഷ്ടപ്പെടുന്ന നിമിഷങ്ങളെയാകെ
ഗതകാലസ്മരണയ്ക്കായി കാത്തുവെക്കണം
ആ പഴയ തീവണ്ടിയാത്ര പോലെ

തയ്യൽക്കാരി

അവളിപ്പോഴും
പിറക്കാത്ത സ്വപ്നങ്ങൾക്ക്
ഉടുപ്പുതുന്നുന്ന തിരക്കിലാണ്

ആഭാസം

യാത്രകളില്ലെങ്കിലും
കൂട്ടിക്കെട്ടിയ പെരുവിരൽ
ഇരുട്ടിലേക്കൊരു
ഒറ്റത്തിരിവെട്ടം
മടക്കമില്ലെന്നറിഞ്ഞിട്ടും
കണ്ണീരിൻറെ പിൻവിളി

2015, ജൂലൈ 25, ശനിയാഴ്‌ച

പ്രവാസി

വീട്
എല്ലാവറുതിയിലും
കൂട്ടം തെറ്റിയൊരു കൂട്

യാത്ര
വിശപ്പടക്കാനെത്തിയതെങ്കിലും
ചിലരുടെ
പ്രാർത്ഥനാക്കാഴ്ചകൾ

കുടുംബം
വിയർപ്പിൻറെ ഉപ്പിന്
സ്നേഹത്തിൻറെ വിലയെഴുതുന്നവർ

ഓർമ്മകൾ
യാത്രയയപ്പിനെത്തിയവരുടെ
കണ്ണീരും മഴവില്ലും

പ്രണയം
വാക്കിനക്കരെയിക്കരെ
തളർന്നുറങ്ങുന്നോരു കിനാവ്

പ്രതീക്ഷകൾ
കൊഴിയാത്തൊരു വസന്തംകൊതിച്ച്
ദേശാടനക്കിളിയായ്
ഞാൻ മാത്രം

2015, ജൂലൈ 24, വെള്ളിയാഴ്‌ച

മഴവെയിൽപ്പാതികളിൽ

1.
മഴച്ചാറ്റലിലും
വെയിൽച്ചിരിയിലും
വിതുമ്പിയത്
എൻറെയും
നിൻറെയും
കളിവഞ്ചിസ്വപ്നങ്ങൾ

2.
കുടതന്ന തണൽ
പകുത്ത
വെയിലോർമ്മകൾ

ഉടലിൻറെ പ്രണയം
കുളിരാറ്റിയ
മഴയോർമ്മകൾ

വെയിലും മഴയും
മാറി മാറി
ചില ഋതുജീവിതം

3.
ഒറ്റക്കുടക്കീഴിൽ തൊട്ടുതൊട്ടു
നടന്നതോർമ്മയുണ്ടോ...?
മറക്കാൻ വഴിയില്ല;
മഴത്തണുപ്പിൽ
ചില വെയിൽച്ചീളുകളാൽ
പ്രണയമെഴുതിയ
ആ കുടമറന്നവൾ തന്നെ
ഞാൻ

4
വെയിൽപ്പകലുകളിൽ
മരണമില്ലാപ്പക്ഷിയായ്
നമുക്കുയിർത്തെഴുന്നേൽക്കേണ്ട
പകരമൊരു മഴരാവിൽ
ഈയലായ് ചിറകുപൊഴിച്ച്
ഇത്തിരിവെളിച്ചം തിന്നുമരിക്കാം

2015, ജൂലൈ 23, വ്യാഴാഴ്‌ച

Earphone

ഒറ്റമുനയിൽ
പിറവിയെങ്കിലും
കേട്ടതെല്ലാം
ഒരൊച്ചയെങ്കിലും
എവിടെ വെച്ചോ
നാം വഴിപിരിയുന്നു

2015, ജൂലൈ 20, തിങ്കളാഴ്‌ച

കർക്കിടകം

പണ്ടെൻറെ കർക്കിടകത്തിന്
മൈലാഞ്ചി ചന്തമായിരുന്നു
പരേതരുടെ വരവിന്
കാക്കക്കരച്ചിലും
പെയ്തുതീരാത്ത ഇടവപ്പാതിയും

കറുകപ്പുല്ലു തിരയുന്ന
ഇടവഴികളിലൊക്കെയും
ഇന്നും മൈലാഞ്ചിപ്പച്ചകളുണ്ട്
ചില ഓർമ്മകളയവിറക്കി
ഇടമുറിഞ്ഞൊരിടവപ്പാതിയും

വെറ്റിലച്ചെല്ലം

ജീവിതം തുറന്നാൽ
അടയ്ക്കാപ്പൊതിയിലെ
മധുരച്ചിരിയുടെ കുഞ്ഞുബാല്യം
നറുവെറ്റിലത്തിരിയുടെ
കിനാവിലെ ഹരിതജ്വാലകൾ
നൂറുതേച്ചു കോടിയിട്ട പ്രണയം
പുകയില ലഹരിയീ കവിത
മുറുക്കാനിടിച്ച വിധിയുടെ
കൈകളിലെൻറെ സ്വപ്നങ്ങൾ
വെറ്റിലച്ചവർപ്പിൻറെ നിമിഷങ്ങൾ
ഒന്നു മുറുക്കിത്തുപ്പിയാൽ കാണാം
കണ്ണീരിൻറെ വേദനകൾ
പൂത്തുലഞ്ഞ തെച്ചിപ്പൂവർണ്ണം

ആൾദൈവങ്ങൾ അരങ്ങത്താടുമ്പോൾ

ഇവിടെ
വിശ്വാസങ്ങൾ വിളക്കു തെളിയിച്ച സന്ധ്യകൾ
ഭക്തിയുരുകിയൊലിച്ചു
കറുത്ത ശിലാരേഖകൾ
അന്തിത്തിരി കെടുത്തി
ദൈവമിറങ്ങിയ പടവുകൾ
കരിയിലകൾ കണക്കെ
ഓർമ്മകൾ വീണുചിതറുമ്പോൾ
ഭൂതകാലത്തിൻ മുൾമുടിചാർത്തി
നാമം ജപിച്ച്
നരയുടെ നീണ്ട പകലുകൾ താണ്ടി
പടർന്നു പന്തലിച്ചിന്നും
അരയാൽ മാത്രം സാക്ഷി