2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

കുടമറന്നവൾ

മറന്നു വെയ്ക്കുമെന്ന് പേടിച്ച് കുടനനയ്ക്കാതെ നനയുമായിരുന്ന മഴക്കാലങ്ങളായിരുന്നു കുട്ടിക്കാലത്തേത് .. കറക്കിത്തിരിച്ച് മഴത്തുള്ളികൾ ചിതറിത്തെറിപ്പിച്ച് നടക്കുമ്പോൾ, കാറ്റിനെ പേടിയായിരുന്നു. ചുഴറ്റിയെടുത്തു പോകുമെന്നു നിനച്ച് ഇറുകെപ്പിടിച്ചതായിരുന്നു ആ വിരൽത്തുമ്പുകളാദ്യം.  പിന്നീടെത്രയോ കാലങ്ങളിലും സ്നേഹത്തിൻറെ ,കരുതലിൻറെ ആ വിരൽത്തുമ്പു തൊട്ടു നടന്നു.   ഒടുവിലൊരു പ്രണയകാലത്ത് വെയിൽച്ചിരിയിൽ കുടത്തണലിലൊരിടം തന്ന സൗഹൃദം.. സ്നേഹം.. കാടുകത്തുന്ന വേനലിലെത്രയോ, ഗുൽമോഹർ പൂവിതിർത്ത വഴിത്താരകളിലൊക്കെയും നാം;  തീനാമ്പുകളുടെ ഉപ്പുമണത്തിൽ നിന്ന് ആ കറുത്തകുടക്കീഴിലേക്ക് ഓടിയൊളിച്ചിട്ടുണ്ട്.. അങ്ങിനെയെത്രയോ ദൂരങ്ങൾ.. ഏതെല്ലാമോ ഇടങ്ങൾ.. ആഞ്ഞുലയുന്ന കാറ്റാടിമരത്തണലിലോ പൂത്തുചാഞ്ഞ ബൊഗൈൻവില്ലകൾക്കു പിന്നിലോ, വറ്റിനീരുണങ്ങാൻ കാത്ത ജലപ്പരപ്പു നോക്കിനടന്ന വഴിത്താരയിലോ.. വിളക്കുകാലിനു ചോട്ടിലോ; കുടമറയത്ത് ഒരു ചുംബനംകൊണ്ട് അവരൊന്നിക്കുമ്പോഴും നാമൊരു കുടയിൽ കൈകോർത്തു നടന്നു. വെയിൽതിന്ന് ഉരുകിയുരുകി.. മഴനനഞ്ഞ് തണുപ്പുപുതച്ച്.. അന്നൊരു നാൾ, മഴപോകുമെന്നു പേടിപ്പിച്ചെത്തിയ കാറ്റിലൊന്നിൽ കമ്പിപൊട്ടിയ കുടയ്ക്കുപകരം നീ തന്ന കുടയാണെൻറെ എല്ലാമെല്ലാം..💜 അന്നുമുതലാണു ഞാൻ കുടയെ പ്രണയിച്ചു തുടങ്ങിയത്.. പിന്നീടങ്ങോട്ട് ഒന്നിച്ചു നനഞ്ഞ ഒരുപാട് ഓർമ്മകൾ.. ഇനിയും പോകാൻ കൊതിച്ച വെയിൽമഴപ്പകലുകൾ.. കാക്കച്ചിറകു കൊതിച്ച പുളിമരത്തണലുകൾ.. മഴയിരുണ്ട സന്ധ്യകൾ.. ഇരമ്പിപ്പെയ്തിടിവെട്ടി പേടിപ്പിച്ച രാത്രികൾ.. മഴപെയ്തു തോരുമ്പോഴും മരം പെയ്യുന്നതും കാത്ത് നാമെത്ര മരത്തണലുകളിലേക്ക് ചേക്കേറിയിട്ടുണ്ട് ..പക്ഷേ.., ഇറ്റു വീഴുമ്പോഴും പ്രണയത്തിൻറെ സംഗീതം കൊണ്ടോരോ മഴത്തുളളിയും കുടയെപ്പുണർന്നുരുമ്മിയൊഴുകി മാഞ്ഞു പോയി.. ഇന്ന് ഓരോ ഋതുവും പോയിമറഞ്ഞ്  പുതുപുലരിപൂക്കുന്ന പോലെ; ഒരുമിച്ചു പോയ യാത്രകൾ.. ഓർമ്മകൾ മാത്രം.. 💝
ചേർത്തുപിടിച്ച് നടക്കുമ്പോഴൊക്കെയും കുടപ്പാതിയിലിടം തന്നു കൂടെക്കൂട്ടുന്ന നിമിഷങ്ങളാണ് ഈ കുടമറന്നവളുടെ പാട്ടുകൾ.. ഒരേ കുടയിൽ പോകുമ്പോഴാണ് ഒരു മഴക്കുളിരിലേക്കോ ഒരു വെയിലുരുക്കങ്ങളിലേക്കോ നീയെന്നെ ചേർത്തുനിർത്തുക; അല്ലെങ്കിലെപ്പോഴും നാം രണ്ടു ഋതുക്കളാവുകയാണ് പതിവ്.. അതുകൊണ്ടു തന്നെയാണ് ഞാനാ പ്രിയപ്പെട്ട ഓർമ്മകളെ കുടകൊണ്ടു പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, നിങ്ങൾക്കു മനസ്സിലാകാത്ത, ആ ഇഷ്ടങ്ങളെയാണു ഞാൻ കരുതലെന്നോ അഭയമെന്നോ വ്യാഖ്യാനിച്ച്, കുടകളാലായിരം തണലുതീർക്കുന്നതും....😉