2015, നവംബർ 28, ശനിയാഴ്‌ച

പനിക്കാലങ്ങൾ

വെളിച്ചം
കണ്ണുകുത്തുന്ന
മഞ്ഞവെയിലാകുന്നു.

കയ്പേറുന്ന
ഉമിനീരിൽ
രുചിവറ്റിയ നാവ്.

ചുണ്ടുകൾ
വരണ്ട
നീർനിലങ്ങളാകുന്നു;
ചുടുനിശ്വാസങ്ങളും
നെറ്റിത്തടങ്ങളും
മരുഭൂവിനെ
ഓർമ്മിക്കുന്നു.

ഉടലുകൾ
പട്ടടച്ചൂടിൽ
വെന്തുരുകുന്ന
വിറകിൻ കഷ്ണമായ്,
വിറങ്ങലിച്ച്
പനിക്കാലങ്ങളോരോന്നും
മരണദിനങ്ങളാവുന്നു. 😇

2015, നവംബർ 26, വ്യാഴാഴ്‌ച

ദീപം

കണ്ണുമിഴിച്ചു ചിരിച്ച വെളിച്ചമാണൊരന്തിയിൽ ഒരൊറ്റത്തിരിയാൽ
കണ്ണീരുതന്നു കാഴ്ചമറച്ചതും...😥😜

2015, നവംബർ 23, തിങ്കളാഴ്‌ച

ചുംബനം

വിപ്ലവങ്ങളുടെ
വിവർത്തനം
ചെയ്യപ്പെടാത്ത,
ഒരു ആദിമഭാഷയെ
ആരാണ്
ചുംബനം കൊണ്ട്
നിർവചിച്ചത്...?😘😜

ചുംബനം

വിപ്ലവങ്ങളുടെ
വിവർത്തനം
ചെയ്യപ്പെടാത്ത,
ഒരു ആദിമഭാഷയെ
ആരാണ്
ചുംബനം കൊണ്ട്
നിർവചിച്ചത്...?😘😜

2015, നവംബർ 19, വ്യാഴാഴ്‌ച

കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ

കടൽക്കാറ്റുപുതച്ച്
തണുപ്പു
വിട്ടെഴുന്നേൽക്കാൻ
മടിച്ച്
തിക്കിത്തിരക്കി
മഴമേഘങ്ങളെ വകഞ്ഞ്
ഇടംകണ്ണിട്ടൊന്നെത്തി
നോക്കി
വെയിൽച്ചിരിയുമായ്
പുലരി പൂക്കും.

നട്ടുച്ചകളിൽ
വിവേകാനന്ദപ്പാറയിൽ
മന്ത്രോച്ചാരണ
മൂകതയിൽ മുഴുകും
അലയടിച്ചെത്തുന്ന
തിരയുമ്മകളെ
കരയിലേക്കു
വഴിതെളിക്കും
ഉപ്പുകാറ്റാൽ
മുടിയിഴകൾ
മാടിയൊതുക്കും
ഉച്ചമയക്കത്തിൽ
കാഴ്ചമടക്കി
തിരികെപ്പോകും.

വെയിലാറുമ്പോൾ
വീണ്ടും
കടലനക്കങ്ങളിലേക്കും
വഴിയോരക്കാഴ്ചകളിലേക്കും കണ്ണോടിക്കും
കച്ചവടക്കാരിലേക്കു
കാതോർക്കും
തീരത്തു കടലിനും കാഴ്ചക്കാർക്കുമുത്സവം
സായാഹ്നച്ചിത്രങ്ങളിൽ
സിന്ദൂരം തൂവി
കടലിലേക്കാഴുംവരെ
ക്യാമറക്കണ്ണുകളുടെ
കാത്തിരിപ്പ്
നിലാവുദിക്കുമ്പോളും
പ്രണയം പൂക്കും ചുവപ്പ്
ഇരുട്ട് പരക്കുന്നതിൻറെ
മനോഹാരിത. 😘😘

2015, നവംബർ 7, ശനിയാഴ്‌ച

ബലിയാട്

കുടൽസഞ്ചിയിൽ
കുത്തിനിറച്ച
ഹരിതവർണ്ണങ്ങളെ
തികട്ടിയെടുത്ത്
ചവച്ചരച്ച്
ഒരാട്.

നിത്യസ്മൃതിയുടെ
ഭണ്ഡാരത്തിൽ നിന്നും
അനുഭവത്തിൻറെ
കത്തിക്കുത്തേറ്റ
ഓർമ്മകളെടുത്തയവിറക്കി
ഒരു ജീവിതം.

ഇവ രണ്ടും
മരണത്തിൻറെ
വാളിനുമുന്നിൽ
ഒരുനിമിഷം
തലകുനിക്കുന്നു.

2015, നവംബർ 6, വെള്ളിയാഴ്‌ച

വിൽപത്രം

പിരിയുമ്പോൾ
തിരികെ തരാനുണ്ട്
പകുത്തെടുത്ത
ഹൃദയത്തിൻറെ
പാതി;
അതിലുണ്ടാകും
ഓർമ്മ വരണ്ട
വിളർച്ച.

ചുംബനപ്പാതികളിലെ
ചൊടിപ്പുകളിലിപ്പോ
കണ്ണുനീരുണ്ട
കയ്പായിരിക്കും
എങ്കിലുമൂറ്റുക
പിന്നെപ്പിന്നെ മധുരിക്കും.

ഇനിയുമുണ്ട്
കടംകൊള്ളലും
കാത്തുവെയ്ക്കലും
ദീർഘനിശ്വാസങ്ങളുടെ
മഹാമൗനങ്ങൾ,
കാത്തിരിപ്പിൻറെ
നെടുവീർപ്പുകൾ.

മഴവേനലിലെ
കുടപ്പകുതികൾ
ചായക്കോപ്പയിലെ
മധുരപ്പകുക്കൽ.

പിന്നെയുമുണ്ട്
മറുപാതിയുടെ
ഒരിറ്റു ദാഹം
ഒരിറ്റു രക്തം
ഒരു നിർവൃതി
നിൻറെ
ജീവൻറെ
കുഞ്ഞുതുടിപ്പ്.

2015, നവംബർ 5, വ്യാഴാഴ്‌ച

കുട മറന്നവർ

ഒരിടവപ്പാതിയിൽ
മറന്നുവെയ്ക്കുമെന്നു
പേടിച്ച്
മഴ നനയാൻ മടിച്ച
കുടകളാണു നാം.. 😃😀

2015, നവംബർ 3, ചൊവ്വാഴ്ച

സയൻസ് ഡയറി

ചെമ്പരത്തിച്ചോപ്പു
പടർന്ന
സസ്യശാസ്ത്ര
പുസ്തകത്തിനകത്താണ്
നാം
ഇലമുളച്ചികളായ്
വേരുപടർത്തിയത്.

പരാദങ്ങളെപ്പറ്റി
പഠിക്കുമ്പോൾ
കല്ലെറിഞ്ഞ മാവിലെ
ഇത്തിൾക്കണ്ണിയെ
ഓർത്തു.
പറ്റിപ്പിടിക്കുമ്പോൾ
കുരുങ്ങിക്കുരുത്ത
ഓർമ്മകൾ

ശ്വാസകോശത്തെ
വരയ്ക്കുമ്പോൾ
ഇടനെഞ്ചിലെവിടെയോ
നിൻറെ
മനസ്സുതിരഞ്ഞു
തലച്ചോറിനെ
അടയാളപ്പെടുത്തുമ്പോൾ
മെഡുല്ല ഒബ്ലാഗേറ്റയെ
ഓർക്കാനെത്ര പാടുപെട്ടു..

ഹൃദയത്തെപ്പറ്റി
പറയുമ്പോൾ
നാം
പ്രണയത്തിൻറെ രക്തമിറ്റിക്കുകയായിരുന്നു.

കണ്ണുകളെ
വരയ്ക്കുമ്പോഴൊക്കെയും
കരിമഷിക്കണ്ണുകൾ
കഥപറയുമായിരുന്നു.

ചെവിയിലെ
അസ്ഥികളെ
വരഞ്ഞുതീർക്കുമ്പോൾ
ഞാൻ നിന്നെ
മാത്രമായ്
കേൾക്കുകയായിരുന്നു.

നിന്നെ
മുഴുവനായ്
വരഞ്ഞുതീർക്കാൻ
ഒൻപതാം ക്ലാസ്സിലെ
പഠിപ്പിക്കാത്ത
പാഠമെത്തേണ്ടിയിരുന്നു.

ആൺകടൽക്കുതിരകൾ
പ്രസവിക്കുമെന്നെഴുതി
കറുപ്പിച്ചത്
വായിച്ചെത്ര നാം
അടക്കംപറഞ്ഞു
ചിരിച്ചിട്ടുണ്ട്.

രണ്ടു നഗ്നതകൾ
വരഞ്ഞെടുക്കുമ്പോൾ
ചില മുഴുപ്പുകളിലൊരു മിനുപ്പുകാണാം.
പ്രണയത്തിൻറെ ശാസ്ത്രം
മായ്ച്ചു മായ്ച്ചുതേഞ്ഞ
പേജുകളിന്നും
കീറിപ്പറിഞ്ഞുകിടപ്പുണ്ട്.

2015, നവംബർ 1, ഞായറാഴ്‌ച

അപൂർണ്ണത അക്ഷരമെഴുതുമ്പോൾ

അമ്മയിൽ നിന്നു തന്നെ,
അന്നുമിന്നും 'അ' പഠിച്ചത്;
ആ നന്മയെന്നും ഉണ്ടാവട്ടെ..

പക്ഷേ,
മുയലിനെ തോല്പിച്ച ആമയിൽ നിന്നോ
തയ്യൽക്കാരനെ പറ്റിച്ച ആനയിൽ നിന്നോ
ആയിരിക്കാം 'ആ' വരഞ്ഞത്..

ഐസ്ക്രീം നുണഞ്ഞല്ല,
ഐരാവതത്തിലേറിയാണന്നു-
ഞാൻ 'ഐ' പഠിച്ചത്..
ഓലപ്പീപ്പികളൂതിയാണന്നു നാം;
'ഓ' എന്നോതിയതും,
ഇന്നോർമ്മകളയവിറക്കുന്നതും..

പനയോളം ഉയർന്നാണു,
'ന' എന്നെഴുതിയതും,
നമ്മളിലേക്കൊതുങ്ങിയതും..
ഫലം, ബലം എന്നൊക്കെ
ഉരുവിട്ടപ്പോഴൊക്കെയും,
ബലവാൻറെ വീര്യമുണ്ടായിരുന്നു..

വയലിനിലേക്കെത്തും മുമ്പേ,
'യ'കുരുങ്ങിയ വയലുണ്ടായിരുന്നു..
ഷർട്ടിടാതെയാണന്നു,
കൃഷിയെന്തെന്നറിഞ്ഞതും,
മഷിത്തണ്ടുതൊട്ടു മായ്ച്ചതും..

                 ***********

NB: പരിചിതമായ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരം പഠിച്ചു തന്നെയാണു നമ്മുടെ കുട്ടികൾ മുന്നേറണ്ടത്.. പക്ഷേ, പാരമ്പര്യം, പദസമ്പത്ത്, പദവികൾ എന്നിവയാൽ സമ്പന്നമായ ഭാഷയുളളപ്പോൾ ചിരപരിചിതമായ ആംഗലേയപദങ്ങൾ ചേർത്തു വെച്ചു മലയാളം പഠിക്കേണ്ട അവസ്ഥ നമുക്കുണ്ടോ....?