2016, നവംബർ 22, ചൊവ്വാഴ്ച

കടലെടുത്തുപോയ പെൺകുട്ടികൾ

ജീവിതം
കടലെടുത്തു പോയ
പെൺകുട്ടികളെപ്പറ്റി അറിയുമോ.. ?

പ്രണയം കൊതിച്ച
മനസ്സുകാണാൻ
ഓരോ
ഉദയങ്ങളിലും
ആളുകൾ
അണിനിരക്കും.

ഒരു കടലിരമ്പം
കാതുകളിലൊളിപ്പിച്ച്
ഓരോ കാറ്റിനെയും
ഓർമ്മകളുടെ
ദീർഘനിശ്വാസം
കൊണ്ടടയാളപ്പെടുത്തും.

പ്രിയപ്പെട്ടവനെ
കനവുകണ്ട
കണ്ണിലാകെ
ഉപ്പുകുറുക്കിയ
വേനലായിരിക്കും
ഓരോ നട്ടുച്ചയിലുമവൾ
കണ്ണീരൊഴുക്കും.

അസ്തമയങ്ങളിൽ
അവളുടെ മുടിയിൽ
ചത്ത മീനുകളുടെ
ഉടയാടകൾ
കൊത്തിവലിച്ച്
കടൽക്കാക്കകൾ
ചിറകൊതുക്കും.

ആളുകളൊതുങ്ങിയാൽ
ഉടലഴിച്ച്
ഉപ്പുകഴുകി
മണൽത്തിട്ടയിൽ
മത്സ്യകന്യകയെപ്പോലെ
അവൾ നീണ്ടുകിടക്കും.

വീടുപേക്ഷിച്ച
ഒരാണും പെണ്ണും
അകലെ മാറിയിരുന്ന്
ഇത്തിരിയിരുട്ടിൽ
ചുണ്ടുചേർക്കുന്നതും നോക്കിപ്പുഞ്ചിരിക്കും.

സെക്യൂരിറ്റിയുടെ
ടോർച്ചുവെളിച്ചമോ
വിസിലടിയോ
കേൾക്കും വരെ
അവളുടെ നാഭിച്ചുഴിയിൽ
നിലാവൊന്നു മയങ്ങും.

എത്രയോ
ദിനരാത്രങ്ങളിൽ
കാലുകൾ നഷ്ടപ്പെട്ടവൾ
ഉദയാസ്തമയങ്ങൾ
കടലെടുത്തുപോയ
ചക്രവാളസീമയിലേക്ക്
കണ്ണിട്ടിരിക്കും.

ഒടുവിലൊരു
പുലർവേളയിൽ
ചെതുമ്പലുകൾക്ക് നിറംവെച്ച്
വഴുവഴുപ്പാർന്ന
ചെളിമണത്തിൽ
പിടഞ്ഞുപിടഞ്ഞ്
കടലിലേക്കെടുത്തു ചാടും.

പിറ്റേന്നത്തെ
പത്രവാർത്തയിൽ
തിരകളാർത്തു ചിരിച്ച്
തലതല്ലി മരിക്കുന്ന
ഏതോ പാറയിൽ
അവളൊരു മത്സ്യകന്യകയായി
പുനർജനിക്കും..

2016, നവംബർ 10, വ്യാഴാഴ്‌ച

നഷ്ടം

കുടമറച്ച്
ഉമ്മവെച്ചുമ്മവെച്ച്
വഴിത്താരകൾ..
മലകൾ, തലയിൽ
തീപൂട്ടിത്തുടങ്ങുന്നതേ
ഉണ്ടായിരുന്നുള്ളൂ..
വെയിലുരുകിയൊലിച്ച
പാർക്കിലെ ബെഞ്ചുകൾ..
തളിർത്തുപൂത്തു
തണൽവിരിച്ച
ബൊഗൈൻവില്ലയുടെ
ചോട്ടിലിരുന്ന്
ഐസ്ക്രീം തണുപ്പിൽ
പുഞ്ചിരിച്ചു കൊണ്ടാണു
നീയെന്നെ
ഇഷ്ടമെന്നും
പിരിയില്ലെന്നും പറഞ്ഞത്.

നീയതൊക്കെ മറന്നുകാണും..
പക്ഷേ,

ഞാനിപ്പോഴും;
ആ വെയിൽക്കാലങ്ങളുടെ
ഓർമ്മകളിൽ,
കണ്ണീരുപ്പു പുരട്ടി
നഷ്ടപ്രണയത്തെ
ചുട്ടെടുക്കുന്ന തിരക്കിലാണ്....😢

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

കുടമറന്നവൾ

മറന്നു വെയ്ക്കുമെന്ന് പേടിച്ച് കുടനനയ്ക്കാതെ നനയുമായിരുന്ന മഴക്കാലങ്ങളായിരുന്നു കുട്ടിക്കാലത്തേത് .. കറക്കിത്തിരിച്ച് മഴത്തുള്ളികൾ ചിതറിത്തെറിപ്പിച്ച് നടക്കുമ്പോൾ, കാറ്റിനെ പേടിയായിരുന്നു. ചുഴറ്റിയെടുത്തു പോകുമെന്നു നിനച്ച് ഇറുകെപ്പിടിച്ചതായിരുന്നു ആ വിരൽത്തുമ്പുകളാദ്യം.  പിന്നീടെത്രയോ കാലങ്ങളിലും സ്നേഹത്തിൻറെ ,കരുതലിൻറെ ആ വിരൽത്തുമ്പു തൊട്ടു നടന്നു.   ഒടുവിലൊരു പ്രണയകാലത്ത് വെയിൽച്ചിരിയിൽ കുടത്തണലിലൊരിടം തന്ന സൗഹൃദം.. സ്നേഹം.. കാടുകത്തുന്ന വേനലിലെത്രയോ, ഗുൽമോഹർ പൂവിതിർത്ത വഴിത്താരകളിലൊക്കെയും നാം;  തീനാമ്പുകളുടെ ഉപ്പുമണത്തിൽ നിന്ന് ആ കറുത്തകുടക്കീഴിലേക്ക് ഓടിയൊളിച്ചിട്ടുണ്ട്.. അങ്ങിനെയെത്രയോ ദൂരങ്ങൾ.. ഏതെല്ലാമോ ഇടങ്ങൾ.. ആഞ്ഞുലയുന്ന കാറ്റാടിമരത്തണലിലോ പൂത്തുചാഞ്ഞ ബൊഗൈൻവില്ലകൾക്കു പിന്നിലോ, വറ്റിനീരുണങ്ങാൻ കാത്ത ജലപ്പരപ്പു നോക്കിനടന്ന വഴിത്താരയിലോ.. വിളക്കുകാലിനു ചോട്ടിലോ; കുടമറയത്ത് ഒരു ചുംബനംകൊണ്ട് അവരൊന്നിക്കുമ്പോഴും നാമൊരു കുടയിൽ കൈകോർത്തു നടന്നു. വെയിൽതിന്ന് ഉരുകിയുരുകി.. മഴനനഞ്ഞ് തണുപ്പുപുതച്ച്.. അന്നൊരു നാൾ, മഴപോകുമെന്നു പേടിപ്പിച്ചെത്തിയ കാറ്റിലൊന്നിൽ കമ്പിപൊട്ടിയ കുടയ്ക്കുപകരം നീ തന്ന കുടയാണെൻറെ എല്ലാമെല്ലാം..💜 അന്നുമുതലാണു ഞാൻ കുടയെ പ്രണയിച്ചു തുടങ്ങിയത്.. പിന്നീടങ്ങോട്ട് ഒന്നിച്ചു നനഞ്ഞ ഒരുപാട് ഓർമ്മകൾ.. ഇനിയും പോകാൻ കൊതിച്ച വെയിൽമഴപ്പകലുകൾ.. കാക്കച്ചിറകു കൊതിച്ച പുളിമരത്തണലുകൾ.. മഴയിരുണ്ട സന്ധ്യകൾ.. ഇരമ്പിപ്പെയ്തിടിവെട്ടി പേടിപ്പിച്ച രാത്രികൾ.. മഴപെയ്തു തോരുമ്പോഴും മരം പെയ്യുന്നതും കാത്ത് നാമെത്ര മരത്തണലുകളിലേക്ക് ചേക്കേറിയിട്ടുണ്ട് ..പക്ഷേ.., ഇറ്റു വീഴുമ്പോഴും പ്രണയത്തിൻറെ സംഗീതം കൊണ്ടോരോ മഴത്തുളളിയും കുടയെപ്പുണർന്നുരുമ്മിയൊഴുകി മാഞ്ഞു പോയി.. ഇന്ന് ഓരോ ഋതുവും പോയിമറഞ്ഞ്  പുതുപുലരിപൂക്കുന്ന പോലെ; ഒരുമിച്ചു പോയ യാത്രകൾ.. ഓർമ്മകൾ മാത്രം.. 💝
ചേർത്തുപിടിച്ച് നടക്കുമ്പോഴൊക്കെയും കുടപ്പാതിയിലിടം തന്നു കൂടെക്കൂട്ടുന്ന നിമിഷങ്ങളാണ് ഈ കുടമറന്നവളുടെ പാട്ടുകൾ.. ഒരേ കുടയിൽ പോകുമ്പോഴാണ് ഒരു മഴക്കുളിരിലേക്കോ ഒരു വെയിലുരുക്കങ്ങളിലേക്കോ നീയെന്നെ ചേർത്തുനിർത്തുക; അല്ലെങ്കിലെപ്പോഴും നാം രണ്ടു ഋതുക്കളാവുകയാണ് പതിവ്.. അതുകൊണ്ടു തന്നെയാണ് ഞാനാ പ്രിയപ്പെട്ട ഓർമ്മകളെ കുടകൊണ്ടു പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, നിങ്ങൾക്കു മനസ്സിലാകാത്ത, ആ ഇഷ്ടങ്ങളെയാണു ഞാൻ കരുതലെന്നോ അഭയമെന്നോ വ്യാഖ്യാനിച്ച്, കുടകളാലായിരം തണലുതീർക്കുന്നതും....😉

2016, ജൂലൈ 3, ഞായറാഴ്‌ച

അവൾ

കറുപ്പുടുത്ത്
അലങ്കരിച്ച
ആ കരിമിഴിക്കണ്ണാകും
എല്ലാം കണ്ടത്
മൂകം സാക്ഷി

അവസാനത്തെ
ശ്വാസവും ഊർന്നുപോയ
തൊണ്ടക്കുഴികളിലാകും
ഒടുവിലെ
നിലവിളിയും
കുരുങ്ങിപ്പോയത്

അരുതരുതെന്ന
പ്രതിരോധമായിരിക്കും
ആ ഒറ്റമുറിച്ചുമരിലൊരു
നിഴലായ്
ഇരുട്ടുതിന്നു മരിച്ചത്

കർക്കിടകം ചോപ്പിച്ച നഖമുനത്തുമ്പിലെ മൈലാഞ്ചിച്ചന്തമാകാം
ക്രൂരതയുടെ നെഞ്ചിൽ
വിരൽപ്പാടായി
മുറിഞ്ഞുതിണർത്തത്

പൊയ്മുഖങ്ങളെപ്പറ്റിയാകും അവളവസാനമായ്
വരഞ്ഞത്.
അതും
ചങ്കിലെ ചോരകൊണ്ട്

2016, മേയ് 31, ചൊവ്വാഴ്ച

കവിത

ഒറ്റയ്ക്കിരിക്കുമ്പോൾ..

ഒന്നു താലോലിക്കാൻ,
പഴകിപ്പിഞ്ഞിയ
ഓർമ്മകളില്ലാത്തവരുടെ;

ഒത്തിരിയൊത്തിരി
ആശിക്കാൻ
നിറമുള്ള
കനവുകളില്ലാത്തവരുടെ;

ഭൂതവും
ഭാവിയും
ഇത്തിരി
വർത്തമാനവുമാണ്
കവിത....😍

2016, ഏപ്രിൽ 27, ബുധനാഴ്‌ച

മാണിക്യം

തീണ്ടാരിത്തുണിയിലിഴഞ്ഞ
 ഏതോ മഞ്ഞച്ചേരയുടെ
ശാപം
സർപ്പകോപമായി
വന്നു കൊത്തി
നീലിച്ചൊരു കൂട്ടുകാരി

അന്ധതയുടെ
വിഷംതീണ്ടിയവൾ
കാടുകേറി
വിശ്വാസങ്ങളിലെ
ഹോമാഗ്നികളിൽ
താലിക്കിനാവ് ഹോമിച്ചവൾ

കാടുകത്തുമ്പോൾ
വളയുരിഞ്ഞ്
വിളർത്ത്
കൊലുത്തവൾ
കാവകങ്ങളിൽ
പത്തിപൊക്കിയ കല്ലിനു
മഞ്ഞതേച്ച്
മൺപുറ്റിനു പാലൂട്ടി
മുടിയഴിഞ്ഞാടിയാടി
തിമിർത്തു
കുഴഞ്ഞവൾ.

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

നട്ടുച്ചകൾ

നട്ടുച്ച വല്ലാത്തൊരു
നേരം തന്നെ

അലക്കൊഴിഞ്ഞ
നാട്ടുകുളങ്ങളിൽ
ഉച്ചവെയിലിൻറെ നീരാട്ട്
ആഴങ്ങളിൽ
മൗനിയായൊരേകാന്തത
സോപ്പുമണം
വാസനിച്ച് വാസനിച്ച്

ഇടവഴികളിലെ
മരക്കൊമ്പിലേതോ
തൂങ്ങിമരിച്ചവൻറെ പ്രേതം
ദംഷ്ട്ര മുളച്ച്
നഖംകൂർപ്പിച്ചിരകാത്ത്
ചോരമണത്ത് മണത്ത്

വേലി തന്നെ വിളവുതിന്ന
ചിതലഴിയ്ക്കരികിലൂടെ
വെയിൽ തിന്നൊരു
മഞ്ഞച്ചേര
ഇഴഞ്ഞ് ഇഴഞ്ഞ്

വെളളമെന്നു കൊതിപ്പിച്ച്
ചില ടാറിട്ട റോഡുകൾ
തലയിൽ തീപൂട്ടി
കാല്പാടുകൾ
വേവിച്ച് വേവിച്ച്

നേരംതെറ്റിയ നേരത്ത്
വന്നുകേറിയവനെ കാത്ത്
അടുപ്പോരങ്ങളിൽ
പപ്പടംപൊളളിയൊരെണ്ണ മണം
കരിഞ്ഞ് കരിഞ്ഞ്

ഇങ്ങനെ
വേനൽ നട്ടുച്ചകൾക്ക്
വല്ലാത്തൊരു നൊമ്പരംതന്നെ...😃

2016, ഏപ്രിൽ 2, ശനിയാഴ്‌ച

ജല്പനങ്ങൾ

നമുക്കിന്ന് മരങ്ങളെപ്പറ്റി
വാചാലരാവാം;
നാളെ പുഴകളെപ്പറ്റിയും..
അടുത്തമാസം
ഭൂമിയെപ്പറ്റിയും
അതിനിടയ്ക്ക്
എന്നെക്കുറിച്ചോ
നിന്നെക്കുറിച്ചോ
ഓർക്കാനിടമില്ലാതെ
നമ്മളുരുകിത്തീർന്നിരിക്കും..😃

(21/3/2016)

പെരുവഴി

കുന്നുകളുടെ
മഹാമൗനത്തിന്
വഴിത്താരകൾക്കായി
നെഞ്ചുകീറിയ
മണ്ണടരിൻറെ
വേദനയുണ്ടാകുമോ..? 😃

തിടുക്കം

അടുപ്പത്തിട്ട് പൊരിഞ്ഞ
ആമയുടെ
മരണവേവിനെയാണു
അമ്മ
തിടുക്കമെന്നു
വ്യാഖ്യാനിച്ചത്.. 😃

2016, മാർച്ച് 9, ബുധനാഴ്‌ച

വേനൽ നിലങ്ങളിൽ മൂന്നു ജീവബിന്ദുക്കൾ

● തലയറുത്തു
    രസിച്ച
    വേദനകളുടെ
    ശാപമാകാം
    പൂവേ.,
    ഓർമ്മകളിൽ
    വേനലായ് വന്നു
    വസന്തത്തെ                        
    മുറിപ്പെടുത്തുന്നത്..

● വിദൂരങ്ങളിലെവിടെയോ
    കൂട്ടംതെറ്റിയ
    ചെമ്മരിയാടിൻ      
    നിലവിളികളാണ്
    തൊട്ടാവാടിക്കോരോന്നിനും
    വേനൽ
    വരവറിയിപ്പുകൾ....

● ഓർമ്മകൾ
    വാസനിക്കുന്നേടത്താണു
    നാം;
    പ്രണയത്താൽ
    പൂത്തുലഞ്ഞത്...😘😍

2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഫോട്ടോഷോപ്പ്

ഓർമ്മകൾ
വറ്റുന്നേടത്ത്
മറവിയുടെ വേനൽ
കത്തിയെരിയുമ്പോൾ
ആൽബമൊരു
ഹെർബേറിയം പോലെ..

പ്രണയകാലങ്ങൾ
ചുണ്ടുചേർത്ത
ചായക്കോപ്പയിലും
തണുത്തുറഞ്ഞു മധുരിച്ചൊഴുകിയിറ്റിയ
ഐസ്ക്രീം കോണിലും
നമ്മുടെ ചിത്രമെഴുത്തുകൾ..

കല്യാണത്തലേന്ന്
ഹൃദയം മിടിച്ചെത്തിയ
ഒരാശംസാഗീതം..
കൊണ്ടെൻറെ മറവിയുടെ ഓർമ്മപ്പെടുത്തലും.
പന്തലിൽ
ഒരിത്തിരിയകലത്തിൽ
നിന്നൊരു സെൽഫിയും,
ഒരാൾക്കൂട്ടച്ചിത്രവും..
പപ്പടം കടിച്ചുചിരിച്ച
നാണത്തോടൊപ്പം
ഒരുവറ്റു പുച്ഛം;
ഒരാഴം മുറിവിനേക്കാൾ,
ഒരുമുഴം മറവിയാലൊരു തിരസ്കാരം..

കുട്ടീടെ നൂലുകെട്ടിന്
ഇത്തിരി പുളിപ്പും ഒരുനുളളുമധുരത്താലും
കുഞ്ഞിച്ചിരിയിൽ
ചുണ്ടുചേർത്തൊരു
മന്ദസ്മിതം..
എന്നിട്ടും
വ്യാഖ്യാനങ്ങൾ ഭയന്ന്
വിസ്മരിച്ചവ..

ചിത്രങ്ങളടുക്കിയും
ഒടുക്കിയും
ഒട്ടിച്ചുചേർത്തിട്ടും
പരിചയം ഭാവിക്കാതെ
തിരസ്കരിച്ചൊടുക്കം
നിൻറെ
ചരിത്രത്തിലിടമില്ലാതായിപ്പോയവൾ 😃

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

മലകയറ്റം

പടവുകൾ വളഞ്ഞു
തിരിഞ്ഞ്
കുതിച്ച്
കിതച്ചെത്തുന്ന
മലകയറ്റം..
അഹന്തയറ്റ്
നമ്മളൊന്നായ് ലയിച്ച്
നെടുവീർപ്പാലൊന്ന്
ആശ്വാസം
തോൾചേർക്കേ,
നമുക്കൊരു
പ്രണയത്തിൻറെ ദൂരക്കാഴ്ച..
അകലങ്ങളിലെവിടെയോ
അലിഞ്ഞലിഞ്ഞില്ലാതാകുന്ന
മഞ്ഞും
കണ്ണുകുത്തുന്നൊരു
സായന്തനച്ചുവപ്പും
നാമൊന്നുമല്ലെന്ന്
ഒരന്തസ്സാര ശൂന്യത.. 😃😍

2016, ജനുവരി 25, തിങ്കളാഴ്‌ച

മന്ത്

വ്യാഖ്യാനിക്കപ്പെടും മുമ്പ്

പ്രണയം മുഴുത്ത ഭ്രാന്തായി
മുദ്ര കുത്തുക
ഓരോ കയറ്റത്തിനും
ഒരിറക്കം
ആർപ്പുവിളികൾ..
ചില ഉന്മാദച്ചിരികൾ
ചുടലപ്പറമ്പിലെത്തും വരേയ്ക്കിനിയൊരു
സായാഹ്നത്തുടുപ്പിൽ
ഓർമ്മകളുടെ
ചായംതേപ്പുകൾ.... 😍😃

2016, ജനുവരി 21, വ്യാഴാഴ്‌ച

ചിഹ്നനം

ആരുണ്ട്..?
ഉത്തരം മുട്ടിക്കുന്ന
ചോദ്യങ്ങളാൽ
വക്രിച്ച് വളഞ്ഞവർ..?
ചിലരുണ്ട്
ആകാംക്ഷയറ്റ്
നിന്ന നില്പിന്
ആശ്ചര്യമായവർ..!

പലരുണ്ട്
മുറിയുന്നേടത്തൊരു-
രേഖയാലൊരുമിച്ചവർ
കൂടെക്കൂടാൻ
ക്ഷണിച്ചവർ..,
കൂട്ടം തെറ്റിയോർ:
വേർപിരിഞ്ഞവർ.
വാക്കുകൾ കടമെടുത്ത്
അജയ്യെരന്നോതി
"ആർത്തുവിളിച്ചവർ"

നീയുണ്ട്
ഞാനെന്നോർമ്മിച്ച്;
വിടപറഞ്ഞവൻ.
ഞാനുണ്ട്
ലോപിച്ച സ്വരങ്ങൾ
അടയാളപ്പെടുത്തി
ഒടുക്കം
അർധവിരാമമായവൾ.

2016, ജനുവരി 5, ചൊവ്വാഴ്ച

മുദ്രിതം

എനിക്കിപ്പോൾ,
മുടിയെന്നോ മുലയെന്നോ ഒക്കെപ്പറയാം
നഗ്നമാക്കപ്പെട്ട
ഉടലിനോളം
ഭീകരമല്ലതൊന്നും..

പാപഭാരം പേറിയൊരു
പെണ്ണുടൽ
തണുപ്പാറ്റിത്തളർന്നത്
ഉപ്പുരുചികൾ
തേടിയലഞ്ഞൊരുവൻറെ
ചുണ്ടെഴുതിയ ചിത്രങ്ങൾ..

2016, ജനുവരി 1, വെള്ളിയാഴ്‌ച

പക്ഷിജന്മം

പെൺപിറാവുകളുണ്ട്
ഒച്ചകളടച്ച്
കുറുകികുറുകിയങ്ങിനെ..
ചിലർ
വിരുന്നുവിളിച്ച്
കാറിക്കരയുന്ന കാക്കകൾ..

പലരും
കണ്ണുകളുരുട്ടി
മൂളിക്കൊണ്ടേയിരിക്കും
മൂങ്ങകളെപ്പോലെ..
തത്തകളുണ്ട്
ചുംബനമെഴുതിയ
ചുണ്ടുകളാലാഞ്ഞു കൊത്തി
ചുവപ്പിക്കുന്നവ..

മൈനകൾ
വഴക്കാളികൾ,
തെറ്റിപ്പിരിഞ്ഞ്
വാഗ്വാദങ്ങൾ
കൊണ്ടവർ
ചെകിട്ടത്തടിക്കും
പിന്നെപ്പിന്നെ
ചില നിശബ്ദതകൾ
കൊണ്ടവരൊന്നടങ്ങും

കിളികളെപ്പോലെയാണ്
പെണ്ണുങ്ങളെന്ന്
പാതിരാനേരങ്ങളിൽ
പ്രണയം ചിലയ്ക്കുന്നു 😀