2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

വര

ചെത്തിക്കൂർപ്പിച്ച
വർണ്ണക്കിനാവുകളുണ്ടായിരുന്നു
വരഞ്ഞിടുമ്പോൾ
മുനയൊടിഞ്ഞവ 😍

2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

വീട്ടുതാറാവിനു പറയാനുളളത്

കൂട്ടംതെറ്റിയ
ദേശാടനങ്ങൾ
മഴക്കുളിരിൽ
മതിയാവോളം
മുങ്ങാംകുഴിയിട്ട
ജലസ്മൃതികൾ

നെല്ലു കൊത്തുമ്പോൾ
പരൽമീൻ പാച്ചിലുകൾ
കരയ്ക്കെത്താത്ത
നീന്തലുകൾ
തുഴമറന്ന്
നടന്നു തളർന്ന
കാലുകൾ

എത്ര തോർത്തിയാലും
അഴുക്കു പുരണ്ട
ഉടലുകൾ
ഇണയൊതുക്കം
കൊതിച്ച
ചിറകുകൾ
വിരഹപ്പൊഴിച്ചലിൽ
ഉറുമ്പരിച്ച
തൂവൽത്തഴമ്പുകൾ

ഒറ്റക്കാലിലെ
പേടിയറ്റ തളർച്ചകൾ
ചേറ്റുപാടങ്ങൾ
കിനാക്കണ്ട
ഉച്ചമയക്കങ്ങൾ
പനിവരുമ്പോൾ
കൊക്കുചേർത്തൊരു
വിതുമ്പൽ

കൊത്തിയിണങ്ങാനും
പിണങ്ങിയോടാനും
കൂട്ടുകൊതിക്കുന്ന
വീട്ടിണക്കത്തിൻറെ ഇടങ്ങളിലൊക്കെയും
ഏകാന്തത തുരുമ്പിച്ച
മൗനങ്ങൾ


2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

പേര്

നിത്യകല്യാണിയെന്ന്
വിളിച്ച്
ഓമനിച്ചു നുളളിയത്
നിൻറെ
ചിരികണ്ടിട്ടാ..
ശവംനാറിയെന്ന
പേരറിയാഞ്ഞിട്ടല്ല....😍😜

(ചിത്രത്തിന് കടപ്പാട്)

പേര്

നിത്യകല്യാണിയെന്നൊരു
ഓമനപ്പേരിട്ടത്
നിൻറെ
ചിരികണ്ടിട്ടാ..
ശവംനാറിയെന്ന
പേരറിയാഞ്ഞിട്ടല്ല....😍😜

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

മൗനം

ഞാൻ മരിയ്ക്കുമ്പോൾ,
അവിടെ
വിലാപങ്ങളുടെ
വിളിപ്പുറങ്ങൾ വേണ്ട;
കപടതയില്ലാത്ത
ഹൃദയമുണ്ടെങ്കിൽ,
മാത്രം
ഒരിറ്റു കണ്ണീർ തരിക,
അതും
മൗനം കൊണ്ടുപൊതിഞ്ഞത്..

മൗനമല്ലാതെ മറ്റെന്താണ്, നമ്മുടെ സൗഹൃദങ്ങളും പ്രണയവും ഏറ്റവും നന്നായി പകർത്തിയിട്ടുളള ഭാഷ...?

2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

മഴച്ചിത്രങ്ങൾ

രാത്രി
പെയ്തൊഴിഞ്ഞ
മഴയുടെ
ഓർമ്മച്ചിത്രങ്ങൾ
രാവിലെയുണ്ടാകും
മുറ്റത്തെയാകെ
നനച്ച്
കണ്ണീരുവരണ്ട
കവിൾത്തടം പോലെ
ഉപ്പുനീറ്റി
ഒട്ടിപ്പറ്റുന്നവ

തൊടിയിലുണ്ടാവും
കരഞ്ഞ് കരഞ്ഞ്
ഇറ്റിറ്റുരുകിയൊലിക്കുന്ന
ചില മർമ്മരങ്ങൾ

ഇലകൾ പറയും
ആടിയുലഞ്ഞുലഞ്ഞ്
ഒടുക്കം
പിടിവിട്ട്
മുഖമടച്ച്
നിലം പൊത്തിയ
കാറ്റോർമ്മകൾ

കാക്കക്കരച്ചിലിലുണ്ടാവും
കുളിരുന്ന
തൂവൽത്തുടി

അമ്മ പിറുപിറുക്കും
പിഴിഞ്ഞിടുന്ന
തുണികളെപ്പറ്റി
പുകയൂതുന്ന
വിറകുകളെപ്പറ്റി

തണുപ്പു
വിട്ടെഴുന്നേൽക്കാനാവാതെ
ഒരു വെയിലപ്പോൾ
ചിരിച്ചെത്തും
എങ്കിലും
വല്ലാത്തൊരു
മൂകതയായിരിക്കും
ആ പകലിന്
നവോഢയെപ്പോലെ
അധികം മിണ്ടാതെ
വല്ലാത്തൊരു
വീർപ്പുമുട്ടലും പേറിയിഴഞ്ഞിഴഞ്ഞങ്ങിനെ..

2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

മീൻചൂരുകൾ

തോർത്തിലെത്ര
കോരിയെടുത്തിട്ടുണ്ട്
നാം
കൈത്തോട്ടിലെ
കാലനക്കം
കൊതിച്ചെത്തുന്ന
ഇക്കിളികളെ

ചൂണ്ടയിലെത്ര
കൊരുത്തിട്ടുണ്ട്
പൊന്മാനൂളിയിടലുകളെ

കരയിലിട്ടു
പിടച്ചുരസിച്ച
മരണനോട്ടങ്ങളാണ്
വറചട്ടിയിലെ
മീൻചൂരുകളായി
വാസനിക്കുന്നത്

വഴുതിപ്പോയിട്ടും
ചേറിൽപ്പുതഞ്ഞ
ഓർമ്മപ്പിടച്ചിലുകൾ 😍

2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

വികസനം

നാട്ടിടവഴികളിലേക്ക് ഇറങ്ങിയിറങ്ങിയാണ് വീട്ടുമതിലുകൾക്കു
കനംവെച്ചത്

തോട്ടുവക്കത്തൂടെയും വയൽവരമ്പത്തൂടെയും പോയാലറിയാം
വഴിവിശാലതകൾ കുറുകിക്കുറുകിയത്രെ
കൃഷിയിടങ്ങൾ വളർന്നത്

2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

വഴിയൊരുക്കങ്ങൾ

എപ്പോഴുമുണ്ടാകും
വഴിച്ചെലവിന്
അമ്മയുടെ
ഉപദേശങ്ങൾ

വേലിക്കരികിൽ
എവിടേയ്ക്കെന്ന
ആകാംക്ഷയുടെ
കാക്കനോട്ടം

കണ്ടുമുട്ടുന്നവരുടെ
മടുപ്പിക്കുന്ന
വിശേഷം പറച്ചിലുകൾ

ഈ യാത്രയിലെങ്കിലും
മുഷിപ്പിക്കാത്തൊരു
നീയുണ്ടാവുമോ...?

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

എൻറെ ചില വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ

♡ ഓർമ്മയുടെ  ഇടവഴികളിൽ ചില മെയ്ദിനങ്ങളുണ്ട്, മിഴിയടക്കുമ്പോൾ ഗുൽമോഹർ ചുവപ്പിനാൽ ചുംബിക്കുന്നവ....😍😘😜

♡ ഒടുവിലെൻ ബാല്യകൗതുകം നട്ട ചെറിമരവും പൂത്തു.. ഇനി,വസന്തം ചെറിമരത്തോടു ചെയ്തത് എന്തെന്നറിയണം..😇😜

♡ ഒറ്റക്കുടക്കീഴിൽ തൊട്ടുതൊട്ടു നടന്നതോർമ്മയുണ്ടോ..? മറക്കാൻ വഴിയില്ല; മഴത്തണുപ്പിൽ ചിലവെയിൽച്ചീളുകളാൽ പ്രണയമെഴുതിയ ആ കുടമറന്നവൾ തന്നെ ഞാൻ😍😘😜

♡ പ്രകൃതി, മോഹിപ്പിക്കുന്നൊരു പെണ്ണുതന്നെ; ഋതുജീവിതം കൊണ്ട് എപ്പോഴും കണ്ണഞ്ചിപ്പിക്കുന്നു..😄

♡ മഴച്ചാറ്റലിലും വെയിൽച്ചിരിയിലും വിതുമ്പിയത്; എൻറെയും നിൻറെയും കളിവഞ്ചിസ്വപ്നങ്ങൾ..😍😘😜

♡ മഴവില്ലുതുന്നിയ പ്രേമത്താൽ ആകാശം തൻറെ ഇളംവെയിൽച്ചുണ്ടുകളാൽ ചുംബിച്ചു ചുംബിച്ചാണ് മലകൾ ഇത്ര നീലിച്ചത്.... എന്തു മനോഹരമാണീ മലനിരകൾ.. 😃

♡ എനിക്കൊരു വന്മരമാകണം.... ആകാശം മുട്ടെ ഉയർന്നു പടരണം.. മണ്ണിൽ വേരുകളാഴ്ത്തി വളരണം .... നെഞ്ചിലെ കൂട്ടിലൊരു കിളിക്കു തണലേകണം....🌲😘

♡ പല പൂക്കൾപറഞ്ഞത്; ചില വിടരലിൻറെയും കൊഴിയലിൻറെയും കഥകൾ..😢 ചില ജീവിതവും അതുതന്നെ....🌹🌻💐😜

♡ നാം💑 ഒരുമിച്ചുണ്ടായിരുന്ന ജൂണിലെ മഴക്കാലത്തെ ഓർമ്മകളിൽ കൂനിക്കൂടിയിരുപ്പാണൊരു 💦 മഴത്തണുപ്പും.. ഞാനും.... 😘😍😜

♡ വഞ്ചിക്കപ്പെടുന്നതുവരെയും സ്നേഹം പവിത്രമാണ്; സ്വർണം പോലെ തന്നെ, പത്തരമാറ്റ് തങ്കം😢

♡ മഴത്തേങ്ങലുകളാൽ💦 കവിളു കിനിയുന്ന ഓർമ്മകൾ..😘 നമുക്കിടയിലിപ്പോൾ നഷ്ടപ്പെടലിൻറെ മറുഭാഷാ ദൂരം..😥 മൗനം കൊണ്ടു നാം 💑നമ്മെയെഴുതുന്ന നേരം♡😍♡😜

♡ പിരിഞ്ഞു പോകുമ്പോൾ, നാം കണ്ട കിനാവുകളിലൊന്നെങ്കിലും തരുമോ...? ഓർമ്മയ്ക്കു താലോലിക്കാൻ....😜

♡ യാത്രകൾ എനിക്കിഷ്ടമാണ്; വഴിമരങ്ങളെ പിന്നിലാക്കി, കൺമറയ്ക്കുന്ന മഴത്തുളളികളെ മായ്ച്ച് മായ്ച്ച്.. പക്ഷേ, നീയില്ലാത്ത യാത്രകൾ; വിരസതയുടേതാണ് 😘

♡ ചില സമയങ്ങളിൽ ജീവിക്കുക എന്നതിനേക്കാൾ പ്രയാസകരമായി മറ്റൊന്നില്ല.... 😇😰👿

♡ നിൻറെ സ്നേഹസാന്ത്വനങ്ങൾ ഇന്ന് എനിക്ക് മരണം കാത്തുകിടക്കുന്ന റെയിൽപ്പാളങ്ങളാണ്....🙋 ഒരിക്കലും കണ്ടുമുട്ടാത്ത സമാന്തരരേഖകൾ പോലെ....😜

♡ അരികിൽ നീയുള്ളപ്പോൾ എനിക്കെന്തിനാണീ, കണ്ണടച്ചില്ലിലൂടെ കാണുന്ന ഇട്ടാവട്ടത്തെ കാഴ്ചകൾ...?😍💑

♡ ഓർമ്മകളുടെ ചവറിടങ്ങളിലേക്ക് എന്നെങ്കിലും വരുമോ മറവിയുടെ കാക്കക്കാലുകൾ..👽👿😜

♡ ഒരുമിച്ചുള്ളപ്പോഴും നാം ഒറ്റയാവുന്നു.. 💑😥

♡ അവളിപ്പൊഴും പിറക്കാതെ പോയ സ്വപ്നങ്ങൾക്ക് ഉടുപ്പുതുന്നുന്ന തിരക്കിലാണ്...😥💃

♡ സുഹൃത്തേ, വാക്കുകൾ പിശുക്കി  മൗനം കൊണ്ടു മിണ്ടുന്നവരെങ്കിലും ഒരുപാടുകാലം ഒരുമിച്ചുനടന്നവർ നാം....  😥😍💏😜

♡ എല്ലാ മഴയാത്രകളും തുള്ളുത്തുളുമ്പി പെയ്തുനിറയുന്നത് നമ്മിലേക്കുമാത്രമായാണ്..😍💦💑

♡ പ്രണയംപൂക്കുന്ന വെയിൽപ്പകലുകളിലൊക്കെയും നമുക്ക് വാൻഗോഗിൻറെ സൂര്യകാന്തിപ്പൂക്കളായ് പൂത്തുനിറയണം....🌻😍😜

♡ മടുത്തുതുടങ്ങിയിരിക്കുന്നു ഈ ഉടുത്തുകെട്ടും മുഖമെഴുത്തും😵😜

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഫെയ്സ്ബുക്ക് വരുന്നതിനു മുമ്പ്

അച്ചൂം അമ്മൂം
നിഷ്കളങ്കരായിരുന്നു
സിനിമാ നടികൾ
ശർക്കരപൊതിഞ്ഞ
പത്രക്കീറിലെ
ഒറ്റക്കണ്ണുള്ള ഇടംപാതി

കിളികളും പൂക്കളും
തൊടിയിലുണ്ടായിരുന്നു
ചില ചെന്നായ്ക്കൾ കാട്ടിലും
ആനിമൽ പ്ലാനറ്റിലും

അറിവിൽ
കൃഷ്ണൻ
ഗീതചൊല്ലിയ മഹാനും
മീര
കപടതയില്ലാത്ത ഭക്തയും

കമൻറടി വഴിവക്കത്തും
പോക്ക്
പരീക്ഷാഹാളിലും

കോമാളിച്ചിരികൾക്കു മുന്നേ
മൂളിത്തേഞ്ഞ വാക്കുകൾ
അതും കീപാഡ്
തേഞ്ഞുപൊട്ടിയത്

കണ്ടതെല്ലാം
പെണ്ണുടലുള്ള
പെൺരൂപങ്ങൾ

പറയാനുള്ളതെല്ലാം കുത്തിവരച്ചത്
കണക്കുനോട്ടിൻറെ
അവസാനതാളിൽ
അതുകണ്ടത്
കണക്കെഴുതാൻ
പേജുതിരഞ്ഞ അച്ഛനും
ഞാനും മാത്രം

അന്നു സൗഹൃദം
തൊട്ടുതൊട്ടിരിക്കുമ്പോൾ
പകുത്തെടുത്ത ഹൃദയം
പ്രണയം
പലവഴികളിലൊഴുകാത്ത
തെളിനീര്
ചതിയും കപടതയും
നിഘണ്ടുവിലൊളിച്ചിരുന്നത്

എല്ലാറ്റിനുമുപരി
അന്നു നാം ഒറ്റയ്ക്കു
ചായം തേച്ചചിത്രങ്ങൾ
നിങ്ങളാരും തിക്കിത്തിരക്കി
സെൽഫിയിലുണ്ടായിരുന്നില്ല😃