2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

വരയരങ്ങ്

പ്രദർശനശാലയിലേക്കു
കേറിയാൽ
നാവുകൾ
മിണ്ടാട്ടം മുട്ടി
ഉറ്റുനോക്കുന്നു

ഉറുമ്പുകളുടെ
ഘോഷയാത്രപോലെ
നിരങ്ങിനീങ്ങുന്നു നാം

ഓരോ ചിത്രവും
കണ്ണിലൊറ്റ
ക്ലിക്കിലൊതുക്കാനുളള നോട്ടമാദ്യത്തേത്
എത്ര നോട്ടങ്ങളെന്നറിയില്ല ഓരോന്നിലും
കുരുക്കിട്ടെടുത്തത്
അവസാനത്തേത്
വിമർശനത്തിൻറേത്
കൂരമ്പുകളാൽ
ചൂണ്ടിയെറിഞ്ഞത്
കൊരുത്തെടുത്ത്
വലിച്ചുകീറിയത്

വിലയിരുത്തുമ്പോൾ
ചിന്തിയ ചായങ്ങൾ
മുഖത്തു തേച്ചെത്തും പൗരാണികമെന്നോ
ആധുനികമെന്നോ
പറഞ്ഞെൻറെ
വരയറിവുകൾ

നോട്ടം കൊണ്ടെത്ര
വായിച്ചാലും അഭിപ്രായമെഴുതുമ്പോൾ
ചിലത്
വാക്കുകളാൽ
വ്യാഖ്യാനിക്കപ്പെടാനാവാതെ
വഴുതിപ്പോവും
ചിലതിന്
അതിവാചാലത
മതിവരാത്ത പോലെ
എഴുതിയിറങ്ങിപ്പോകുമ്പോൾ

മനസ്സപ്പോഴും
ചിത്രഖനികളിൽ
നിറങ്ങൾ
തേടുകയായിരിക്കും. 😃😀


2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ഘോഷയാത്രകൾ

ഉറുമ്പുകൾ
വരിവരിയായി
അരിമണി
ചുമക്കുമ്പോൾ
വിരൽതൊട്ടു നിരതെറ്റിക്കാറുണ്ടായിരുന്നു

അയ്യപ്പൻ വിളക്കിനു
താലമെടുക്കുമ്പോൾ
കുഞ്ഞിക്കാലുകൾ
വയ്യെന്നോതി
ഇടയ്ക്കിരിക്കാറുണ്ട്

കോളേജിലെ
സമര പ്രകടനങ്ങൾക്ക്
കയറിയിറങ്ങാനൊരുപാട് വഴികളുണ്ടായിരുന്നു
ആദ്യമാദ്യം
ഏറ്റവും മുമ്പിലുണ്ടാവും
പിന്നെ പിന്നെ
നടന്നുനടന്ന്
പിന്നോക്കം
വായനാമുറിയിലേക്കോ
കാൻറീനിലേക്കോ
കേറിനാം
അഭയമിരക്കുന്നു

ഇന്നു വഴിനിറയെ യാത്രകളാണ്
ജനയാത്ര
പദയാത്ര
ഒരുയാത്രയിലും
കവലപ്രസംഗത്തിനല്ലാതെ
നേതാവിനെ ഇതുവരെ കണ്ടിട്ടില്ല
അണികളെല്ലാം പഴയനടപ്പുതന്നെ
പാവം ജനങ്ങളും.

മതിലുകൾ

പഴയമുളളുവേലിക്കരികിൽ
നിന്നാണ്
നമ്മുടെ പെണ്ണുങ്ങൾ
കല്യാണ പുതുക്കത്തിൽ
കുശലം പറഞ്ഞത്
നമ്മുടെ അമ്മമാർ
പരദൂഷണവും
പിന്നീട് മക്കൾ
സൗഹൃദവും

അപ്പുറത്തു നട്ട
കോവയ്ക്കാവളളി
ഇപ്പുറത്തെ
വിറകുപുരയിലേക്കു
വേരുകളാഴ്ത്തി
വസന്തം വിടർത്തിയതും

അതു നൂണുകടന്നാണു
നമ്മുടെ കോഴികൾ
സ്വപ്നം ചികഞ്ഞത്

കിഴക്കേയരികിലെ
പുളിമരത്തണലിലാണു നാം
കുടിപ്പാർത്തത്
നിറവിലും വേനലിലും
നാം ദുഃഖം മറന്നു
ചിരിയുതിർത്തതും
എന്നിട്ടും;
എന്തിനാണെന്നറിയില്ല
ഇന്നു നാം;
പരസ്പരം കാണാത്ത
മതിലുകൾ കൊണ്ടു
കാഴ്ച മറച്ചത്;
മനസ്സും.

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

കാക്കക്കലമ്പലുകൾ

പുലരിപ്പിറവിയിൽ
നേരംതെറ്റാതെ
പ്രകൃതിയ്ക്കൊരു
ഉണർത്തുപാട്ട്
അമ്മയെണീക്കുമ്പോഴേക്ക്
അടുക്കളവട്ടത്തൊരു
ചുറ്റിക്കറക്കം.

കുട്ടിയോർമ്മകളിലൊരുപാട്
കുസൃതിക്കഥകൾ
കല്ലുപെറുക്കി
കുടംവറ്റിച്ചത്
പാട്ടുപാടി കുറുക്കനു നെയ്യപ്പംകൊടുത്തത്
ആ വാശിക്ക്
എൻറെ നെയ്യപ്പവും
അമ്മയുടെ നുണകളും കൊത്തിപ്പറന്നകലേക്ക്..

മേടച്ചൂടിൽ
കരിമ്പനത്തണലിലെ
പനമ്പഴച്ചൂരുകൾ
ചുള്ളിക്കമ്പും
ചകിരിനാരും
കൊത്തിപ്പറക്കൽ
പിഞ്ഞാണവും തവിയും
മോഷ്ടിക്കൽ
ചിരട്ടയിലെ
തേങ്ങാക്കൊത്തുകൾ.

ഇടവപ്പാതിക്കാലത്തൊരു
വാവു ബലിയൂണ്
അന്നടുക്കളവട്ടത്തിൽ
പാത്രം മിനുക്കണ്ട
അമ്മയ്ക്കു പിന്നാലെ
പറന്നടുക്കേണ്ട
കല്ലെറിഞ്ഞവർ
കൈകൊട്ടി
തിരികെ വിളിക്കും
പരേതനുളള മൃഷ്ടാന്നം.

മഴപ്പകലിലൊരു
കൂടുതകർന്ന വേവലാതി കൂമൻകണ്ണുകൾ
പിന്തുടർന്ന
നിലവിളികൾ ചിങ്ങത്തെളിമാനങ്ങളിൽ വാചോന്നൊരു
കൈക്കുഞ്ഞുമായ്
ഊരുചുറ്റൽ
വിരുന്നു വിളിച്ചൊരു
ഉച്ചയൂണ്;
പുളിമരത്തണലിലൊരു
ചിറകൊതുക്കൽ
അന്തിചായവേ
കരണ്ടുകമ്പിയിൽ
പെരുവിരലൂന്നി
തൂങ്ങിയാടിയ മരണം.

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

കണ്ണേറുകൾ

ഒരു നുള്ള്
ഉപ്പും
ഒരുണക്ക
മുളകും
ഇത്തിരി കടുകും
പൊട്ടിത്തെറിച്ച്
കത്തിയമരുന്ന
എത്രയെത്ര
കണ്ണേറുകളെയാണ്
അന്തിച്ചുവപ്പിൽ
അടുപ്പിലിട്ട്
അമ്മ
ആട്ടിപ്പായിച്ചിട്ടുള്ളത്.. 😃😀

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

പെൺചോപ്പുകൾ

പെൺ
വസന്തങ്ങളിലാണ്
എപ്പോഴും
ചുവപ്പു പൂക്കുക

യോനിപ്പടർപ്പു
മറച്ചെത്തുന്ന
തീണ്ടാരിപ്പച്ചയിലാദ്യം
അവളൊരു
തെച്ചിച്ചോപ്പ്തേക്കും
താലി കൊരുക്കുന്ന
സിന്ദൂരക്കനവിലൊരു
തെച്ചിപ്പഴങ്ങൾ
പെറുക്കും

അധരച്ചുംബനങ്ങളും
നീറ്റലൊടുങ്ങാത്ത
മുറിവുകളും
ചോരതുപ്പുമ്പോൾ
സ്വപ്നം
പൂത്ത കണ്ണുകൾ
ചോരവറ്റി
വിളർക്കുമ്പോൾ
കേട്ടറിവുകളുളള
ഏതോ
തെരുവിലഭയം തേടും

ഭ്രാന്ത്

തികട്ടിവരുന്ന
ഭൂതകാല
വിലാപങ്ങളെയാണോ;
നീയെൻറെ
ഭ്രാന്തായി
മുദ്രകുത്തിയത്..

അപ്പൂപ്പൻതാടികൾ

പെറ്റൊഴിഞ്ഞ
വയറുപിളർന്ന്,
ഉണങ്ങിയ
പാമ്പിൻ
കായകൾക്ക്
കുന്നിക്കുരുമണി
ചോപ്പിനാൽ
കണ്ണുകുത്തി,
പത്തിവിടർത്തി-
യൊരോർമ്മ;
അപ്പൂപ്പൻതാടിയായ്
പറന്നുയരുന്നു..

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ഫാസിസം

മൗനത്തിൻറെ
ആൾക്കൂട്ടത്തിൽ
നാവുകൾക്ക്
കനംവെയ്ക്കുന്നു

വാക്കുവിതുമ്പിയ
കഴുത്തിലാരോ
കത്തിചേർക്കുന്നു
എൻറെ പേന
മുനയൊടിയുന്നു

ഇവിടെയാവാം,
എഴുത്തനങ്ങൾക്ക്
ഉയിരറ്റത്.

നമ്മുടെ ഭാഷ
മരിച്ചതല്ല;
ആരോ കൊന്നതാ..😀😃

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

ഇല്ലിമുളംകാടുകളിൽ....

പണ്ടൊരു ഇളംകാറ്റ്
ഓടക്കുഴലൂതിയ
മുളങ്കൂട്ടമിന്നൊരോർമ്മയാണ്
സംഗീതസാന്ദ്രം..
           •••••••
മുളപൂത്താൽ
ദാരിദ്ര്യമാണെന്നു
പറഞ്ഞ അച്ഛൻ
തന്നെയാണ്
ആ മകരപ്പിറവിയിൽ
തീരാ ദാരിദ്ര്യം തന്നു
വേർപിരിഞ്ഞത്.

മടുപ്പ്

മടുത്തു
തുടങ്ങിയിരിക്കുന്നു

ഉടുത്തുകെട്ടും
മുഖമെഴുത്തും.

വിവാഹം

പൊരുത്തക്കേടുകൾ
സ്വരുക്കൂട്ടി
സമരസപ്പെടുന്നു നാം

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

തണ്ണീർപ്പന്തൽ

ഓർമ്മയിലൊരു
മൺകുടം വെളളം
പന്തലിച്ചു
പടർന്നൊരു
പുളിമരത്തണൽ
ദാഹിച്ചെത്തുന്നവനൊരു
കരിങ്കല്ലത്താണി.

കിനാവ്

പുഴ കണ്ടതെല്ലാം,
കുളിരാര്‍ന്ന
കൊച്ചോളത്തിന്‍റെ
അലച്ചാര്‍ത്തുകള്‍;
വാനം നല്‍കിയതെല്ലാം,
വരണ്ട
വേനല്‍ക്കിനാവുകള്‍.

പെണ്ണ്

നഖങ്ങളെത്ര
കൂര്‍പ്പിച്ചിട്ടും;
അടുത്തപ്പഴൊക്കെയും
കൈകൂപ്പി നിന്നവള്‍, 
ഞാന്‍;
തൊട്ടാവാടി.

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

വേരുകൾ

പാറകളെ പുണർന്ന
വേരുകളെപ്പറ്റി
അറിയുമോ..?
ഇലകൾ
വീണുപുതഞ്ഞ
അരുവികളെ
തേടിപ്പോയവരുടെ
വിരല്സ്പർശങ്ങളാണവ..

                 

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ഗുൽമോഹർ

നീ വരുവോളവും
നിളാതീരത്തെ
മെയ് വാകച്ചുവപ്പിന്
വിപ്ലവത്തിൻറെ
നിറമായിരുന്നു
പിന്നെയത്
പ്രണയപ്പച്ചകളായ്
തളിർത്തു തുടുത്തു..

ഒരുപാട് വസന്തങ്ങൾ 
വന്നുപോയിട്ടും
പൂക്കാൻമറക്കാത്ത
മെയ് വാകച്ചുവപ്പു
കൊതിച്ചു
നിറംമങ്ങിയ ഹൃദയം
ചാവുമൊഴിത്താളിലെ
കവിതയും
പേറിയലയുന്നു 😍😘

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കഥ

ചുണ്ടുകൾ വരണ്ട
വേനലിലാണവളോട്
ഉർവരതയെക്കുറിച്ചോതിയത്

ഉമിനീരൂറ്റി
പച്ചപ്പു വിതയ്ക്കുമ്പോൾ
അവൾ
പുതുനാമ്പുകളെപ്പറ്റി
കിനാവുകണ്ടിരിക്കാം

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

മയിൽച്ചന്തങ്ങൾ

ചില്ലക്ഷരമെഴുതുമ്പോൾ
ഒന്നാം തരത്തിലെ
അടിസ്ഥാന
പാഠാവലിയിലെ
അവസാനപാഠത്തിൽ
പീലിവിടർത്തി
നില്പാണൊരു
മയിൽച്ചന്തമെപ്പോഴും

പുസ്തകത്താളുകൾക്കിടയിൽ
മാനംകാണാതെ
മയിൽപ്പീലിത്തുണ്ടുകൾ
കുഞ്ഞുങ്ങളെ
സ്വപ്നംകണ്ടിരിക്കാം
ആകാംക്ഷയറ്റു
തുറന്നപ്പോഴായിരിക്കാം
ആഗ്രഹങ്ങളുടെ
ചാപിളളകൾ പിറന്നത്

പുലരിവെയിലിലെ
മഴവിൽച്ചന്തങ്ങളോടെ
മയിൽച്ചിത്രം
വരഞ്ഞിടുമ്പോൾ
പീലിപ്പിറവികളിലായിരം
കണ്ണുകൾ
ആകാശനീലകളിൽ ആനന്ദമാടിയാടിയാവാം
മയിൽപ്പീലി
നീലകളുണ്ടായത്

കതിരുകൊത്തുമ്പോൾ
പറന്നിറങ്ങാറുണ്ട്
കമ്പിവേലിക്കല്ലിലിരുന്ന്
ചിറകൊതുക്കാറുണ്ട്
ഇണ മറയുമ്പോൾ
നീട്ടിവിളിക്കാറുണ്ട്
പേടിച്ചുംപരിഭവിച്ചും
കരിമ്പനത്തണലിൽ
സായാഹ്നനൃത്തങ്ങൾ
ആട്ടം നിർത്തിപ്പോകുമ്പോൾ
ചിലങ്കയൂരി
ഭൂമിയെ വന്ദിച്ച്
പീലിയൊതുക്കി
വിനീതമായൊരു മടക്കം

(ചിത്രത്തിനു കടപ്പാട്)

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

മൈന

നമ്മുടെ ശകുന വിശ്വാസങ്ങളൊക്കെയും പലപ്പോഴും ചിരിയുണർത്താറുണ്ട്. കുട്ടിക്കാലത്ത്  ഒറ്റമൈനയെക്കണ്ടാൽ അടികിട്ടുമെന്നു പേടിച്ച്, രണ്ടുമൈനയെ കാണാൻ ആകുലപ്പെട്ട വഴിമരങ്ങളുണ്ടായിരുന്നു. ഒറ്റ കാക്കയായാലും മതിയെന്നു തേടിയ നാട്ടിടവഴികളും. ഇന്നെനിക്കു പുറത്തേക്കിറങ്ങുമ്പോൾ എപ്പോഴും കണി, ഒറ്റക്കാലുള്ളൊരു സുന്ദരിമൈനയാണ്. അവരു പൊതുവെ കലഹപ്രിയരായതു കൊണ്ടത്രേ ഒറ്റമൈന നമുക്കുപണ്ട് ശത്രുവായത്. ആരാണ് വഴക്കിടാത്തത്, പിണങ്ങിപ്പിരിയാത്തത് എന്നിട്ടുമെന്തിനാണു നാം അവരുടെ പിണക്കത്തെ മാത്രം ഇത്രഭീകരമായി ചിത്രീകരിക്കുന്നത്...? സ്നേഹിക്കുമ്പോഴും, പിണങ്ങുമ്പോഴും ഇത്രസുന്ദരമായൊരു പക്ഷിമാതൃക എനിക്കു വേറെ തോന്നിയിട്ടില്ല.  അതിൻറെ ഇണയെപ്പറ്റിയാണെനിക്കാശ്ചര്യം കാലുവയ്യാത്ത ഇണയെ വിട്ട് അതൊരിക്കലും ദൂരെപ്പോകാറില്ല. ഒറ്റക്കാലുമായി പാതവക്കത്തെ പകുതിയരഞ്ഞ അരിമണികൾ പെറുക്കുമ്പോൾ, മുട്ടിലിഴയുന്ന യാചകരെ ഓർമ്മവരും. തത്തിച്ചാടി അതുനീങ്ങുമ്പോൾ എൻറെ കണ്ണുകളെപ്പോഴും മറുപാതിയെ തേടിപ്പോകും. അപ്പോൾ കാണാം വിളിപ്പുറത്തൊരു കൊമ്പിൽ  നിലത്തിരിക്കുന്ന ഇണയെയും നോക്കി ചിറകൊതുക്കിയിരിക്കുന്നത്.. പിണങ്ങുമ്പോൾ ബഹളംകൂട്ടി നാട്ടുകാരെയാകെ വിളിച്ചുകൂട്ടുംവിധം കൂവിയാർക്കും. പിന്നെ രണ്ടും രണ്ടറ്റത്തേക്ക് പറന്നുപോകും. നമ്മളും കാഴ്ചകളവസാനിപ്പിച്ച് മറ്റെന്തെങ്കിലും ചെയ്യുമ്പോഴായിരിക്കും തല്ലുകൂടിപ്പോയവർ ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ, കൊക്കുരുമ്മിപറന്നെത്തുക. കാർവാൻ എന്നാണ് ഇവിടെ പഴമക്കാരു വിളിക്കാറ് . പേരിലുളള വാഹനങ്ങളുമായി യാതൊരു ബന്ധവും കക്ഷികൾക്കില്ല. എപ്പോഴും കാറിക്കൊണ്ടിരിക്കുന്നതിനാലാവാം ആ പേരുവന്നത്.

പഴയൊരോർമ്മ ചികയുമ്പോൾ വീടിനുമുൻവശത്തെ തൊടിയിലൊരു തലപോയ തെങ്ങുണ്ടായിരുന്നു. മരംകൊത്തികൾ രാപ്പകലില്ലാതെ കൊത്തിയെടുത്തൊരു പൊത്ത്, അതിലുണ്ടായിരുന്നു. ഒരു വേനൽക്കാലത്താണ് അവിടേക്കു രണ്ടുമൈനകൾ കൂടേറിയത്. അവരു വന്നതിൽപ്പിന്നെയാണവിടെ മൗനമുറങ്ങിയത്. പൂട്ടിക്കിടന്നിരുന്നൊരു വീട്ടിലേക്ക് ആളനക്കങ്ങൾ എത്തിയ പ്രതീതി. അവരുടെ പിണക്കസ്വരങ്ങൾ കേട്ടുണർന്നിരുന്ന പതിവുപ്രഭാതങ്ങൾ, ഉച്ചമയക്കങ്ങൾ, സായാഹ്നത്തുടുപ്പ്.      ഇളംവെയിലിലും അന്തിചായാനൊരുങ്ങുന്ന ചെമ്മാനത്തുടുപ്പിലും മാത്രമാണവരൊന്നു പുൽച്ചാടിയെത്തപ്പി പാടത്തേക്കിറങ്ങുക. പകലുമുഴുവൻ, പഴങ്ങൾ നിറഞ്ഞ കഴിണിമരത്തണലുകളിലായിരുന്നു അവരുടെ കളിചിരികൾ.

അങ്ങനെയിരിക്കെ, ഒരു വിഷുദിവസം . ആകാശവാണിയുടെ പാട്ടീണം മൂളിയുറങ്ങാനൊരുങ്ങുന്ന ഒരുച്ചയ്ക്കാണ് സംഭവം. സമയം രണ്ടുമണി. നമ്മുടെ കക്ഷികൾ പൊരിഞ്ഞ വഴക്കിലാണ്. ശബ്ദം കേട്ട് പന്തികേടാണെന്നറിഞ്ഞ് മുറ്റത്തേക്കിറങ്ങുമ്പോഴും കാര്യം മനസ്സിലായില്ല.  സാധാരണയിൽക്കവിഞ്ഞൊന്നുമായിരിക്കില്ലെന്നു കരുതി തിരികെ നടക്കാനൊരുങ്ങുമ്പോഴാണ്, പരിചിതനല്ലാത്തൊരാളെ കണ്ടുമുട്ടുന്നത്. തൊട്ടടുത്ത തെങ്ങിൽ, കേണലിൻറെ ഗമയോടെ ഒരു ചുവന്ന തൊപ്പിക്കാരൻ. അപ്പോഴാണ് കാര്യത്തിൻറെ ഏതാണ്ടൊരു തുമ്പ് കിട്ടിയത്. ഒരു വീട്ടുടമസ്ഥൻറെ അവകാശത്തോടെയെത്തിയ തൊപ്പിക്കാരൻ മരംകൊത്തിയോടാണവരുടെ മത്സരിച്ചുളള വക്കാണം. കൊത്താനടുത്തും പിൻവാങ്ങിയും കാറിനിലവിളിച്ചു കൊണ്ടാണവരുടെ അങ്കം ഏതാണ്ടൊരു അഞ്ചുമണിവരെ നീണ്ടുകാണും. തത്സമയദൃശ്യങ്ങൾ പകർത്തിയ കൺകോണിലിന്നും ആ കാഴ്ചകളുണ്ട് . കൂടെ ക്യാമാറാമാനോ റിപ്പോർട്ടറോ ഇല്ലാതിരുന്നതിൽ ഇന്ന് ദുഃഖിക്കുന്നു. ആ രംഗത്തിൻറെ വിവരണം നടത്താനൊരു നമ്പ്യാരോ എഴുത്തച്ഛനോ വേണ്ടിയിരുന്നു എന്നുതോന്നും. ഇടവഴിയിലൊരാളെ ഒറ്റയ്ക്കുകിട്ടിയ ഗുണ്ടയുടെ സന്തോഷമായിരുന്നു അവരുടെ ബഹളംവെയ്ക്കലിൽ. ഇരുപേരും ചേർന്ന് കൊത്തിയ ക്ഷീണത്തിൽ മരംകൊത്തി കരഞ്ഞു കേഴുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് എപ്പോഴോ മറ്റൊരു മരംകൊത്തി പറന്നുവന്നു. വീടൊഴിക്കാൻ വന്ന തൊപ്പിക്കാരൻറെ സഹധർമ്മിണിയായിരിക്കാം. പുളളിക്കാരിയും കുറച്ചുനേരം എതിരിട്ടു നിന്നതിനുശേഷം പിൻവാങ്ങി. മരംകൊത്തി തളർന്നിരുന്നിട്ടും രണ്ടുപേരും ഉശിരോടെ പോരാടിയതിൻറെ രഹസ്യം പിന്നീടു കുറച്ചുനാളുകൾക്കുശേഷം, കുഞ്ഞുമൈനക്കുഞ്ഞുങ്ങൾ കരഞ്ഞുതുടങ്ങിയപ്പോഴാണ് മനസ്സിലായത്. മുട്ടയിട്ട കൂടൊഴിഞ്ഞ പോവാനാവാത്തതിനാലാണ് അവർ, മരംകൊത്തിയെ പൊരുതിനേരിട്ടത്. പിന്നെ  മൈനക്കുഞ്ഞുങ്ങൾ വളർന്നപ്പോൾ അവരെങ്ങോ പറന്നുപോയി.. പൊതുവെ വഴക്കാളികളെങ്കിലും അവരുടെ പരസ്പര സ്നേഹം എത്രവാഴ്ത്തിയാലും മതിയാവില്ല..

യാത്രകളവസാനിപ്പിച്ച് ഞാൻ വീട്ടിലൊതുങ്ങിക്കൂടിയപ്പോഴും പരാതിയില്ലായിരുന്നു ഒറ്റക്കാലുളള സുന്ദരിമൈനയും ഇണയും എന്നും രാവിലേ എന്നെക്കാണാൻ വീട്ടുമുറ്റത്തെത്താറുണ്ട്.. 😍 😃

കോപ്പിയെഴുത്ത്

വളഞ്ഞും
പിരിഞ്ഞും
നീണ്ടും കുറുകിയും
കെട്ടുപിണഞ്ഞും
മുകളിലേക്കും
താഴേക്കും
കൈകാലിട്ടടിച്ച്
തെറ്റിപ്പോകാവുന്ന
അമ്പത്തൊന്നക്ഷരങ്ങളെ
നാമെത്ര
നിരതെറ്റാത്ത
റെയിൽ
പാളങ്ങൾക്കിടയിൽ
തളച്ചിട്ടുണ്ട്

അവരുടെ
ശാപം കൊണ്ടാവാം
എത്രയെഴുതിയിട്ടും
നമ്മുടെ
തലവരകൾ
തെറ്റിപ്പോയത്

2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

ഭൂപടം

നനഞ്ഞ
ചുമർചുണ്ടുകളിൽ
നിന്നെപ്പോലെ
മഴപ്പായലും
ഉർവരതയുടെ
ഋതുപ്പിറവിയെപ്പറ്റി
പ്രണയപ്പച്ചയാൽ
ഭൂപടമെഴുതുന്നുണ്ട് 😍😘
                        

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആൽബം

കല്യാണച്ചിത്രങ്ങളേക്കാൾ
രസകരമായ
കാർട്ടൂൺ
പരമ്പരകളില്ല.

ചന്തങ്ങളണിഞ്ഞ്
ചിരിതേച്ച്
തോളുരുമ്മി
വീട്ടകങ്ങളിൽ
കൂട്ടിയിടിച്ചാലും
ഇമയിണക്കമില്ലാത്ത
മിണ്ടാട്ടം മുട്ടിയ
ചില 'ഒരുമ'കൾ....