2017, ഏപ്രിൽ 2, ഞായറാഴ്‌ച

2017, മാർച്ച് 7, ചൊവ്വാഴ്ച

ഉത്സവപ്പിറ്റേന്ന്..

ഉത്സവപ്പിറ്റേന്ന്,
അമ്പലപ്പറമ്പിന്
ആൾക്കൂട്ടത്തിൻറെ മണമാണ്..
ആരവങ്ങളുടെ
നിലയ്ക്കാത്ത മേളവും..

അരയാൽത്തറകളിൽ
കാറ്റുമന്ത്രിക്കുക,
തുമ്പിനീട്ടിത്തലോടിയ
കൊമ്പൻറെ തലയെടുപ്പാവും

തിടമ്പു വണങ്ങിയോരോ
കൂപ്പുകൈയും
ധ്യാനിച്ച്
കൂച്ചുവിലങ്ങിട്ടാനകൾ
പോയിക്കഴിഞ്ഞിട്ടുണ്ടാകും

വീർത്തുപൊട്ടിയ
ബലൂൺകുട്ടികൾ
പീപ്പികളൂതിക്കളിക്കുമ്പോ
നീയൊരു
മോതിരക്കൈയിൽ
പേരെഴുതിയതോർക്കയാവും

അകത്തളത്തിൽ
ദേവിയെപ്പൂട്ടിയിറങ്ങുമ്പോ
അനേകരുടെ പ്രാർത്ഥനതട്ടി
പൂജാരി നെടുവീർപ്പിടും..

എന്നിൽ നിന്നുമാ
പഴേ ഞാനൊരു
കോലുമിട്ടായിച്ചുവപ്പിനാൽ
ഓർമ്മകളുടെ
ചുണ്ട് ചോപ്പിച്ച്
ആൾത്തിരക്കില്ലാത്ത
വീഥിയിലൂടൊറ്റയ്ക്കു പോകും...💜

2016, നവംബർ 22, ചൊവ്വാഴ്ച

കടലെടുത്തുപോയ പെൺകുട്ടികൾ

ജീവിതം
കടലെടുത്തു പോയ
പെൺകുട്ടികളെപ്പറ്റി അറിയുമോ.. ?

പ്രണയം കൊതിച്ച
മനസ്സുകാണാൻ
ഓരോ
ഉദയങ്ങളിലും
ആളുകൾ
അണിനിരക്കും.

ഒരു കടലിരമ്പം
കാതുകളിലൊളിപ്പിച്ച്
ഓരോ കാറ്റിനെയും
ഓർമ്മകളുടെ
ദീർഘനിശ്വാസം
കൊണ്ടടയാളപ്പെടുത്തും.

പ്രിയപ്പെട്ടവനെ
കനവുകണ്ട
കണ്ണിലാകെ
ഉപ്പുകുറുക്കിയ
വേനലായിരിക്കും
ഓരോ നട്ടുച്ചയിലുമവൾ
കണ്ണീരൊഴുക്കും.

അസ്തമയങ്ങളിൽ
അവളുടെ മുടിയിൽ
ചത്ത മീനുകളുടെ
ഉടയാടകൾ
കൊത്തിവലിച്ച്
കടൽക്കാക്കകൾ
ചിറകൊതുക്കും.

ആളുകളൊതുങ്ങിയാൽ
ഉടലഴിച്ച്
ഉപ്പുകഴുകി
മണൽത്തിട്ടയിൽ
മത്സ്യകന്യകയെപ്പോലെ
അവൾ നീണ്ടുകിടക്കും.

വീടുപേക്ഷിച്ച
ഒരാണും പെണ്ണും
അകലെ മാറിയിരുന്ന്
ഇത്തിരിയിരുട്ടിൽ
ചുണ്ടുചേർക്കുന്നതും നോക്കിപ്പുഞ്ചിരിക്കും.

സെക്യൂരിറ്റിയുടെ
ടോർച്ചുവെളിച്ചമോ
വിസിലടിയോ
കേൾക്കും വരെ
അവളുടെ നാഭിച്ചുഴിയിൽ
നിലാവൊന്നു മയങ്ങും.

എത്രയോ
ദിനരാത്രങ്ങളിൽ
കാലുകൾ നഷ്ടപ്പെട്ടവൾ
ഉദയാസ്തമയങ്ങൾ
കടലെടുത്തുപോയ
ചക്രവാളസീമയിലേക്ക്
കണ്ണിട്ടിരിക്കും.

ഒടുവിലൊരു
പുലർവേളയിൽ
ചെതുമ്പലുകൾക്ക് നിറംവെച്ച്
വഴുവഴുപ്പാർന്ന
ചെളിമണത്തിൽ
പിടഞ്ഞുപിടഞ്ഞ്
കടലിലേക്കെടുത്തു ചാടും.

പിറ്റേന്നത്തെ
പത്രവാർത്തയിൽ
തിരകളാർത്തു ചിരിച്ച്
തലതല്ലി മരിക്കുന്ന
ഏതോ പാറയിൽ
അവളൊരു മത്സ്യകന്യകയായി
പുനർജനിക്കും..

2016, നവംബർ 10, വ്യാഴാഴ്‌ച

നഷ്ടം

കുടമറച്ച്
ഉമ്മവെച്ചുമ്മവെച്ച്
വഴിത്താരകൾ..
മലകൾ, തലയിൽ
തീപൂട്ടിത്തുടങ്ങുന്നതേ
ഉണ്ടായിരുന്നുള്ളൂ..
വെയിലുരുകിയൊലിച്ച
പാർക്കിലെ ബെഞ്ചുകൾ..
തളിർത്തുപൂത്തു
തണൽവിരിച്ച
ബൊഗൈൻവില്ലയുടെ
ചോട്ടിലിരുന്ന്
ഐസ്ക്രീം തണുപ്പിൽ
പുഞ്ചിരിച്ചു കൊണ്ടാണു
നീയെന്നെ
ഇഷ്ടമെന്നും
പിരിയില്ലെന്നും പറഞ്ഞത്.

നീയതൊക്കെ മറന്നുകാണും..
പക്ഷേ,

ഞാനിപ്പോഴും;
ആ വെയിൽക്കാലങ്ങളുടെ
ഓർമ്മകളിൽ,
കണ്ണീരുപ്പു പുരട്ടി
നഷ്ടപ്രണയത്തെ
ചുട്ടെടുക്കുന്ന തിരക്കിലാണ്....😢

2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

കുടമറന്നവൾ

മറന്നു വെയ്ക്കുമെന്ന് പേടിച്ച് കുടനനയ്ക്കാതെ നനയുമായിരുന്ന മഴക്കാലങ്ങളായിരുന്നു കുട്ടിക്കാലത്തേത് .. കറക്കിത്തിരിച്ച് മഴത്തുള്ളികൾ ചിതറിത്തെറിപ്പിച്ച് നടക്കുമ്പോൾ, കാറ്റിനെ പേടിയായിരുന്നു. ചുഴറ്റിയെടുത്തു പോകുമെന്നു നിനച്ച് ഇറുകെപ്പിടിച്ചതായിരുന്നു ആ വിരൽത്തുമ്പുകളാദ്യം.  പിന്നീടെത്രയോ കാലങ്ങളിലും സ്നേഹത്തിൻറെ ,കരുതലിൻറെ ആ വിരൽത്തുമ്പു തൊട്ടു നടന്നു.   ഒടുവിലൊരു പ്രണയകാലത്ത് വെയിൽച്ചിരിയിൽ കുടത്തണലിലൊരിടം തന്ന സൗഹൃദം.. സ്നേഹം.. കാടുകത്തുന്ന വേനലിലെത്രയോ, ഗുൽമോഹർ പൂവിതിർത്ത വഴിത്താരകളിലൊക്കെയും നാം;  തീനാമ്പുകളുടെ ഉപ്പുമണത്തിൽ നിന്ന് ആ കറുത്തകുടക്കീഴിലേക്ക് ഓടിയൊളിച്ചിട്ടുണ്ട്.. അങ്ങിനെയെത്രയോ ദൂരങ്ങൾ.. ഏതെല്ലാമോ ഇടങ്ങൾ.. ആഞ്ഞുലയുന്ന കാറ്റാടിമരത്തണലിലോ പൂത്തുചാഞ്ഞ ബൊഗൈൻവില്ലകൾക്കു പിന്നിലോ, വറ്റിനീരുണങ്ങാൻ കാത്ത ജലപ്പരപ്പു നോക്കിനടന്ന വഴിത്താരയിലോ.. വിളക്കുകാലിനു ചോട്ടിലോ; കുടമറയത്ത് ഒരു ചുംബനംകൊണ്ട് അവരൊന്നിക്കുമ്പോഴും നാമൊരു കുടയിൽ കൈകോർത്തു നടന്നു. വെയിൽതിന്ന് ഉരുകിയുരുകി.. മഴനനഞ്ഞ് തണുപ്പുപുതച്ച്.. അന്നൊരു നാൾ, മഴപോകുമെന്നു പേടിപ്പിച്ചെത്തിയ കാറ്റിലൊന്നിൽ കമ്പിപൊട്ടിയ കുടയ്ക്കുപകരം നീ തന്ന കുടയാണെൻറെ എല്ലാമെല്ലാം..💜 അന്നുമുതലാണു ഞാൻ കുടയെ പ്രണയിച്ചു തുടങ്ങിയത്.. പിന്നീടങ്ങോട്ട് ഒന്നിച്ചു നനഞ്ഞ ഒരുപാട് ഓർമ്മകൾ.. ഇനിയും പോകാൻ കൊതിച്ച വെയിൽമഴപ്പകലുകൾ.. കാക്കച്ചിറകു കൊതിച്ച പുളിമരത്തണലുകൾ.. മഴയിരുണ്ട സന്ധ്യകൾ.. ഇരമ്പിപ്പെയ്തിടിവെട്ടി പേടിപ്പിച്ച രാത്രികൾ.. മഴപെയ്തു തോരുമ്പോഴും മരം പെയ്യുന്നതും കാത്ത് നാമെത്ര മരത്തണലുകളിലേക്ക് ചേക്കേറിയിട്ടുണ്ട് ..പക്ഷേ.., ഇറ്റു വീഴുമ്പോഴും പ്രണയത്തിൻറെ സംഗീതം കൊണ്ടോരോ മഴത്തുളളിയും കുടയെപ്പുണർന്നുരുമ്മിയൊഴുകി മാഞ്ഞു പോയി.. ഇന്ന് ഓരോ ഋതുവും പോയിമറഞ്ഞ്  പുതുപുലരിപൂക്കുന്ന പോലെ; ഒരുമിച്ചു പോയ യാത്രകൾ.. ഓർമ്മകൾ മാത്രം.. 💝
ചേർത്തുപിടിച്ച് നടക്കുമ്പോഴൊക്കെയും കുടപ്പാതിയിലിടം തന്നു കൂടെക്കൂട്ടുന്ന നിമിഷങ്ങളാണ് ഈ കുടമറന്നവളുടെ പാട്ടുകൾ.. ഒരേ കുടയിൽ പോകുമ്പോഴാണ് ഒരു മഴക്കുളിരിലേക്കോ ഒരു വെയിലുരുക്കങ്ങളിലേക്കോ നീയെന്നെ ചേർത്തുനിർത്തുക; അല്ലെങ്കിലെപ്പോഴും നാം രണ്ടു ഋതുക്കളാവുകയാണ് പതിവ്.. അതുകൊണ്ടു തന്നെയാണ് ഞാനാ പ്രിയപ്പെട്ട ഓർമ്മകളെ കുടകൊണ്ടു പ്രതിഫലിപ്പിക്കുന്നത്. പക്ഷേ, നിങ്ങൾക്കു മനസ്സിലാകാത്ത, ആ ഇഷ്ടങ്ങളെയാണു ഞാൻ കരുതലെന്നോ അഭയമെന്നോ വ്യാഖ്യാനിച്ച്, കുടകളാലായിരം തണലുതീർക്കുന്നതും....😉

2016, ജൂലൈ 3, ഞായറാഴ്‌ച

അവൾ

കറുപ്പുടുത്ത്
അലങ്കരിച്ച
ആ കരിമിഴിക്കണ്ണാകും
എല്ലാം കണ്ടത്
മൂകം സാക്ഷി

അവസാനത്തെ
ശ്വാസവും ഊർന്നുപോയ
തൊണ്ടക്കുഴികളിലാകും
ഒടുവിലെ
നിലവിളിയും
കുരുങ്ങിപ്പോയത്

അരുതരുതെന്ന
പ്രതിരോധമായിരിക്കും
ആ ഒറ്റമുറിച്ചുമരിലൊരു
നിഴലായ്
ഇരുട്ടുതിന്നു മരിച്ചത്

കർക്കിടകം ചോപ്പിച്ച നഖമുനത്തുമ്പിലെ മൈലാഞ്ചിച്ചന്തമാകാം
ക്രൂരതയുടെ നെഞ്ചിൽ
വിരൽപ്പാടായി
മുറിഞ്ഞുതിണർത്തത്

പൊയ്മുഖങ്ങളെപ്പറ്റിയാകും അവളവസാനമായ്
വരഞ്ഞത്.
അതും
ചങ്കിലെ ചോരകൊണ്ട്

2016, മേയ് 31, ചൊവ്വാഴ്ച

കവിത

ഒറ്റയ്ക്കിരിക്കുമ്പോൾ..

ഒന്നു താലോലിക്കാൻ,
പഴകിപ്പിഞ്ഞിയ
ഓർമ്മകളില്ലാത്തവരുടെ;

ഒത്തിരിയൊത്തിരി
ആശിക്കാൻ
നിറമുള്ള
കനവുകളില്ലാത്തവരുടെ;

ഭൂതവും
ഭാവിയും
ഇത്തിരി
വർത്തമാനവുമാണ്
കവിത....😍