2017, മേയ് 21, ഞായറാഴ്‌ച

ജലം അമൂല്യമാണ്..

വിലക്കപ്പെട്ട കനി

വിലക്കപ്പെട്ട 
കനിയുടെ
വിത്തുകളൊട്ടിപ്പറ്റിയ
പെണ്ണിൻറെ
ചുണ്ടിലാണ്
പിന്നീടോരോ
പ്രണയവും മുറിഞ്ഞുനീറ്റിയത്....

ഭൂമി=അമ്മ

നാം പിറന്നതിൽ
പിന്നെയാണ്
ചോര ചുരന്നതും
ഊറ്റിയൂറ്റി നാമുന്മത്തരായതും....

മാർച്ച് 8

പൊട്ടുകുത്തി
ഊട്ടിയുറക്കിയ
പാവപ്പെണ്ണിലായിരുന്നാദ്യം
അമ്മയായിപ്പിറന്നത്..

വെളള ഷിമ്മീലൊഴുകിപ്പരന്നവളാദ്യം
നീന്തിക്കയറിയ
തെച്ചിക്കാട്..
(അകത്തളങ്ങളിലടച്ചിട്ട്
തലമൂടി
കത്തിയൂരിപ്പിടിച്ച്
വെളിക്കിറങ്ങണ
ചോരപ്പെണ്ണുങ്ങളുണ്ടായിരുന്നത്രേ)

കരിവളപൊട്ടിയ
പ്രണയത്തുണ്ടിലാണവളുടെ
സ്നേഹം വ്യാഖ്യാനിക്കപ്പെട്ടത്..

പിന്നെയെന്നോ
ഏതോ നിലാവത്താണ്,
ഈയെട്ടിൻറെ ഓട്ടക്കണ്ണിലൊരു പൊട്ടിയായ് ചിതറിപ്പോയത്..

2017, ഏപ്രിൽ 2, ഞായറാഴ്‌ച

2017, മാർച്ച് 7, ചൊവ്വാഴ്ച

ഉത്സവപ്പിറ്റേന്ന്..

ഉത്സവപ്പിറ്റേന്ന്,
അമ്പലപ്പറമ്പിന്
ആൾക്കൂട്ടത്തിൻറെ മണമാണ്..
ആരവങ്ങളുടെ
നിലയ്ക്കാത്ത മേളവും..

അരയാൽത്തറകളിൽ
കാറ്റുമന്ത്രിക്കുക,
തുമ്പിനീട്ടിത്തലോടിയ
കൊമ്പൻറെ തലയെടുപ്പാവും

തിടമ്പു വണങ്ങിയോരോ
കൂപ്പുകൈയും
ധ്യാനിച്ച്
കൂച്ചുവിലങ്ങിട്ടാനകൾ
പോയിക്കഴിഞ്ഞിട്ടുണ്ടാകും

വീർത്തുപൊട്ടിയ
ബലൂൺകുട്ടികൾ
പീപ്പികളൂതിക്കളിക്കുമ്പോ
നീയൊരു
മോതിരക്കൈയിൽ
പേരെഴുതിയതോർക്കയാവും

അകത്തളത്തിൽ
ദേവിയെപ്പൂട്ടിയിറങ്ങുമ്പോ
അനേകരുടെ പ്രാർത്ഥനതട്ടി
പൂജാരി നെടുവീർപ്പിടും..

എന്നിൽ നിന്നുമാ
പഴേ ഞാനൊരു
കോലുമിട്ടായിച്ചുവപ്പിനാൽ
ഓർമ്മകളുടെ
ചുണ്ട് ചോപ്പിച്ച്
ആൾത്തിരക്കില്ലാത്ത
വീഥിയിലൂടൊറ്റയ്ക്കു പോകും...💜