2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

മാഞ്ഞുമറഞ്ഞ പൂക്കാലം

ബാല്യത്തിലേക്കൊരു യാത്രപോകണം. അവിടെ അല്ലലില്ലാത്ത പകലിലൊന്നു വിശ്രമിക്കണം. തൊടിയിലെ മാഞ്ചോട്ടിലും പാടവരമ്പത്തുമൊക്കെ ഒന്നോടിവീണ് മുട്ടുരയണം. മഴവേനലെന്നില്ലാതെ ഋതുവസന്തങ്ങളിലൊക്കെയും നമുക്കൊരിക്കൽ കൂടി കൈകോർത്തുല്ലസിക്കണം.

അവധിക്കാലങ്ങളൊന്നോർത്തെടുക്കണം. പാമ്പുകൾ വെയിൽ കായാനെത്തുമെന്ന് അമ്മ പേടിപ്പിച്ച മധ്യാഹ്നങ്ങളിൽ മാത്രമാണു നമുക്കു വിശ്രമം. അതും ആകാശവാണിയിലെ പാട്ടീണങ്ങൾക്കു താളമിട്ടൊരുറക്കം. വെയിലാറുന്നതുവരെ കാക്കാനിടയില്ലാത്ത എത്ര മധ്യാഹ്നങ്ങളുണ്ടായിരുന്നു നമുക്ക് കളിച്ചുല്ലസിക്കാൻ...

അവധിദിവസത്തിൻറെ ഇടവഴികളിലൊക്കെയും നാം അച്ഛനമ്മമാരായി വേഷമിടാറുണ്ടായിരുന്നു. കണ്ണൻചിരട്ടയിൽ പൂഴിനിറച്ച് മണ്ണപ്പംചുട്ട് നാമെത്ര വിശപ്പടക്കിയിട്ടുണ്ടെന്ന് ഓർക്കുന്നുവോ..? ശീമക്കൊന്നയിലകളുടെ പത്തുരൂപാനോട്ടുകൾ എണ്ണി നാമെത്ര യാത്രപോയിട്ടുണ്ട്.. നമുക്കന്ന് ഓലമടലിൽ കയറിട്ട ഒരുപാട് പശുക്കളുണ്ടായിരുന്നു. മധ്യാഹ്നത്തിൻറെ വെയിൽച്ചുരുക്കങ്ങളിൽ നാമെത്ര ആടുമേച്ചിട്ടുണ്ട്, പശുവിന് പുല്ലരിഞ്ഞിട്ടുണ്ട്.. ഓർക്കുന്നുവോ കരിമ്പനത്തണലിലിരുന്ന് കഥകൾ പറഞ്ഞതും അക്ഷരംവെച്ച് പാട്ടുകൾപാടിയതും അറിയപ്പെടാത്ത സ്ഥലനാമങ്ങൾ പറഞ്ഞുകളിച്ചതും.. പാടവരമ്പിൻറെ താഴ്വാരങ്ങളിൽ ഒളിച്ച്കളിച്ചതും.. എല്ലാം മറവിയിലേക്കു കുതിക്കും മുമ്പേ ഒന്നുകൂടി ഓർത്തെടുക്കണം.

നീണ്ട വേനലവധിയെക്കാൾ നമുക്കുപ്രിയം ഓണക്കാലം തന്നെ. ഓണപ്പരീക്ഷകഴിഞ്ഞ് വീട്ടിലേക്കു നടക്കുമ്പോഴൊക്കെയും പൂക്കളം ഒരുക്കുന്നതിനെപ്പറ്റിയായിരിക്കും ചിന്ത. പൂപ്പാത്രവുമെടുത്ത് വേലിപ്പടർപ്പിലും തോട്ടുവക്കത്തുമൊക്കെ പരതിനടക്കും. പൂപ്പാത്രം നിറയ്ക്കാനുളള മത്സരിച്ചോട്ടം. ഓണം നാലിലും വ്യത്യസ്തമാർന്ന പൂക്കളങ്ങൾ. പിന്നെ ഓണക്കോടിയുടുത്ത് ഉത്സാഹത്തിമർപ്പ്.  സദ്യവട്ടങ്ങളൊരുക്കി അമ്മയുടെ വിളികാത്തിരിപ്പ്. ഊഞ്ഞാലാട്ടവും ഒത്തുകൂടലിൻറെ ഓണക്കളികളും.. ആ പൊയ്പോയ ഓണക്കാലങ്ങൾക്ക് ഒരിക്കലും ഈ ചാനൽ വിരുന്നിൻറെ തിളക്കങ്ങൾ പകരംവെയ്ക്കാനാവില്ല.

മനസ്സിലിപ്പോഴും ആ പഴയ ഓണക്കാലത്തിൻറെ സ്മൃതിച്ചെപ്പ് കാത്തുവെയ്ക്കുന്നുണ്ട് ഞാൻ. വരും കാലത്തിനൊരു പഴങ്കഥയായ് വിളമ്പാൻ. വിരൽത്തുമ്പ് തൊട്ടുതുടച്ച് വെർച്വലിടത്തിൽ മുഴുകാനിഷ്ടപ്പെടുന്ന, നാട്ടുനന്മകൾ നഷ്ടമായ ലോകത്ത് അവർക്കുവേണ്ടി മറ്റെന്താണു നാം കാത്തുവെയ്ക്കുക.. ഈ സുന്ദരസ്മൃതികളല്ലാതെ.... 😍😃

(തലക്കെട്ടിനു കടപ്പാട് പ്രകൃതിയുടെ നിത്യകാമുകനായ കവിക്ക്)

2015, ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഓണാശംസകൾ

ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ.. ചിങ്ങവെയിൽ ശോഭയോടെ മറ്റൊരു പൊന്നോണക്കാലം കൂടി.. 😜
ഓണസ്മൃതികൾക്കിന്നും തുമ്പവിരിഞ്ഞ വിശുദ്ധി.. സുരഭിലനിമിഷങ്ങൾക്ക് അത്തപ്പൂക്കളത്തിൻറെ നിറവ്..  പായസരുചിയുടെ മാധുര്യം.. പൂക്കളിറുക്കാനും ചാണകം മെഴുകിയ മുറ്റത്ത് നാട്ടുപൊലിമയാൽ നിറമെഴുതാനും നാക്കിലയിൽ ഓണമുണ്ണാനും മത്സരിച്ചോടിയ ബാല്യ-കൗമാരങ്ങൾ.. ഇന്നിപ്പോ തോവാളപ്പൂക്കളാൽ ഓണപ്പൂക്കളം..    വിഭവസമൃദ്ധമായ ചാനൽസദ്യ.. ഓണവിപണിയിലെ വില കണ്ടു പകച്ചുപോയ യൗവനം.. 😄 😄 😄 😄 😄
# എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ😍😃

(ചിത്രത്തിന് കടപ്പാട്)

2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഒരു മഴക്കാലയാത്ര

തിക്കിത്തിരക്കുന്ന ബസ്സുയാത്രകളോ, നിന്നോടു പറ്റിച്ചേർന്ന് വാരിപ്പുണർന്നാസ്വദിക്കുന്ന സ്വകാര്യമായ ടൂവീലർ യാത്രകളോ, എല്ലാമെനിക്കു പ്രിയംകരം തന്നെ. അതിലൊക്കെയും ഓടിമറയുന്ന കാഴ്ചകളിലഭിരമിച്ച് ആസ്വദിക്കുന്നൊരു ഞാനുണ്ടെന്നതാണ് സത്യം. എങ്കിലും മഹാമൗനം കുടിച്ചിഴയുന്ന അനക്കമില്ലാത്ത തീവണ്ടിയാത്രകളാണെനിക്കേറെയിഷ്ടം.. മഴക്കോളു കാത്തിരിക്കുന്നൊരു ഇടവപ്പാതിക്കാലത്ത് പ്രിയനേ നാമൊരുമിച്ചൊരു യാത്രപോയത് ഓർക്കുന്നുവോ..? ജീവിതത്തിലേക്കെന്നപോലെ നീ കൈപിടിച്ചുകയറ്റിയ ആ യാത്രയുടെ മാധുര്യം ഞാനിന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു..

പുതുലോകം കണ്ട കുട്ടിയുടെ കൗതുകക്കണ്ണിലൂടെ ഞാനെല്ലാം നോക്കിക്കണ്ടു. ജനാലയ്ക്കരികിലായി രണ്ടു ഗുജറാത്തികൾ.  ഒരുപാതിയിൽ അവരോട് കുശലമെയ്യുന്ന സംസാരപ്രിയനായ മധ്യവയസ്കരായ ദമ്പതിമാർ  മറുപാതിയിൽ പിന്നെയുളളത് കാലുകൾ പിണച്ച് മടിയിലൊതുക്കിയ ബാഗിനുമുകളിൽ തുറന്നുവെച്ച ഡയറിത്താളും കയ്യിലൊരു പേനയുമായി ഒരു കണ്ണടക്കാരൻ. കണക്കുകൂട്ടലാണോ കവിതക്കുറിപ്പാണോ എന്നറിയാൻ വയ്യ. എങ്കിലും ആലോചനയിൽ മുഴുകിയും ഇടയ്ക്കിടെ കുത്തിക്കുറിച്ചും സമയംപോക്കുന്നൊരാൾ. പിന്നെയുളളത് എല്ലായാത്രകളിലും കണ്ടുമുട്ടുന്നൊരു പത്രവായനക്കാരൻ. പിന്നെ ഒറ്റസീറ്റുകളിൽ രണ്ടുപേർ ദീർഘയാത്രയുടെ ആലസ്യവും പേറി മയങ്ങുന്നവർ. സഹയാത്രികരോടൊപ്പം ഞാനും..

ജനാലയ്ക്കരികിൽ അല്ലെങ്കിലും കാഴ്ചകളെല്ലാം ധൃതിവെച്ച് പിറകിലേക്ക് ഓടിമറയുന്നതുകാണാം. പ്രകൃതിയുടെ വശ്യചാരുതയിലൂടെ, ആരുംതീണ്ടാത്ത മനോഹാരിതയിലൂടെ, കലങ്ങിമറഞ്ഞ പുഴയുടെ വിരിമാറിലൂടെ, നഗരത്തിരക്കാർന്ന ബഹളത്തിലേക്ക് നാം.. ഗതിവേഗങ്ങൾ നിയന്ത്രിച്ചൊടുവിലത് ആ മഹാമൗനത്തെയാകെ ഭഞ്ജിച്ച് നഗരക്കാഴ്ചയിലവസാനിച്ചു. യാത്രികരെല്ലാം പലവഴികളായ് പിരിഞ്ഞു. എറണാകുളം സൗത്തിലെ ചലനമില്ലാത്ത ആ തീവണ്ടിപ്പാതകൾ താണ്ടി നാം.. ഒടുവിൽ കടവന്തറയുടെ ബഹളക്കാഴ്ചകളിൽ ലയിച്ചു..

തിരികെയാത്രയിൽ ആലസ്യവും നിശ്ശബ്ദതകളും തളംകെട്ടിയ ഒരിടത്ത് മഴനനഞ്ഞ ഇണക്കിളികളായ് തണുപ്പ് പുതച്ച് നാമിരുന്നു..  ഓഫർലെറ്ററിൻറെ വിശേഷംപറച്ചിലിൻറെ തിരക്കിലായിരുന്നു നീ. സ്വപ്നങ്ങൾ നെയ്യുന്ന തിരക്കിലും നോട്ടം തെറ്റിച്ചെൻറെ കണ്ണുകൾ ജനാലപ്പുറംതേടിപ്പോയി.. മഴപെയ്തു തോർന്നിട്ടും ഇറ്റുവീഴുന്ന ചന്തങ്ങളെങ്ങും കാണാമായിരുന്നു. കലക്കമെന്തെന്നറിയാത്ത തെളിനീരുറവകൾ. മഴത്തുളളി വിതറിയ കൊച്ചോളങ്ങൾ, മീൻചാട്ടങ്ങൾ, ഊളിയിടുന്ന പൊന്മാനുകൾ.. കൂനിക്കൂടിയിരിക്കുന്ന പകൽ, വഴിമരങ്ങളിൽ പടർന്നേറിയ ഹരിതമനോഹാരിതകൾ, വസന്തത്തിൻറെ തളിരുകൾ, ഉതിർന്നുവീഴാനൊരുങ്ങുന്ന കവുങ്ങിൻ പാളകൾ, അങ്ങിനെയങ്ങിനെ.. പ്രകൃതിയുടെ ചന്തങ്ങളാവാഹിച്ച് നീലക്കണ്ണുകൾ..

കണ്ണിലിപ്പോഴുമുണ്ട് ഓർമ്മകളയവിറക്കി ആ തീവണ്ടിയാത്ര.. മഴപ്പകലിലെ ഒരു മനോഹരയാത്ര.. പെണ്ണുങ്ങൾ പുല്ലുപറിക്കാത്ത നഗരമലിനതകളില്ലാത്ത ഇടവഴികളിലൂടെ ഇനിയും നമുക്ക് യാത്രപോകണം എന്നാഗ്രഹത്തോടെ.. 😍😃

കലാലയം

കരിമ്പനയുടെ നാട്ടിൽ നെല്ലറകളെ തഴുകിയൊഴുകുന്ന നിളാതീരത്താണെൻറെ കലാലയം.. പച്ചപ്പിൻറെ മനോഹാരിതയും യുവത്വത്തിൻറെ അരുണാഭയും തിങ്ങി എന്നെ ഞാനാക്കിയ എൻറെ പ്രിയപ്പെട്ട കലാലയം.. 😍

       തുഞ്ചത്താചാര്യൻറെ കവനശ്രീയെ പുൽകി ജപപ്പാറയിലിരുന്നു പാടിയ ശാരികപ്പൈതലിൻറെ പാട്ടുകേട്ടൊഴുകിയിരുന്ന ഇന്നും സാകൂതമൊഴുകുന്ന ശോകനാശിനി പേറുന്നകുളിരാർന്ന നനുത്ത തെന്നൽ കലാലയത്തിലേക്ക് നമ്മെ വരവേൽക്കുന്നു..

അറിവിൻറെ തിരിപകരാൻ വെമ്പി സഹസ്രാബ്ദകവാടം.. ഇലന്തമരങ്ങൾ തണൽചൊരിയുന്ന നടവഴി..വേർപിരിഞ്ഞുപോയ സൗഹൃദങ്ങളുടെയും പ്രണയങ്ങളുടെയും വിതുമ്പിയ കാലടിപ്പാടുകൾ.. കൊഴിഞ്ഞ സ്വപ്നങ്ങൾ കണക്കെ കരിഞ്ഞ ഇലകൾ.. നെടുവീർപ്പുകളുടെയും നൊമ്പരങ്ങളുടെയും സാക്ഷിയായ പച്ചപ്പിൻറെ വശ്യചാരുത; യൂക്കാലിപ്സിൻറെ തണലോർമ്മകളയവിറക്കി വെയിലുകായുന്ന നടപ്പാത.. തണലിരിപ്പിടങ്ങൾക്കരികിൽ പുകയുയരുന്ന കാൻറീൻ.. സംഗീതത്തിൻറെ ഭാവഗീതങ്ങൾ മൂളി വർണ്ണപതംഗങ്ങളായ് പാറിനടക്കുന്ന യുവത്വങ്ങൾ..  മനോഹരമായ ആരാമം.. പരിമളം ചൊരിയുന്ന പൂക്കൾക്കിടയിൽ ഇന്ത്യയും മഹാന്മാരും.. ശിവലിംഗപ്പൂവിനെ നെഞ്ചിലേറ്റിയൊരു വന്മരം.. അങ്കണത്തിൽ വിപ്ലവാഭിവാദ്യങ്ങൾക്ക് മൂകസാക്ഷികളായ് കൊടിമരവും വിളക്കുകാലും..

അറിവിൻ അക്ഷയഖനികളെ തേടിപ്പോകുന്നിടത്ത് ഗോവണിക്കുതാഴെ അക്ഷരങ്ങളുടെ അകപ്പൊരുളുകളുമായ് വായനാമുറി.. പടവുകൾ കയറിയെത്തുന്ന ഇടനാഴികളിലെപ്പോഴും കാലൊച്ചകളുടെ പൊട്ടിച്ചിരികളും ഉല്ലാസത്തിൻറെ അട്ടഹാസങ്ങളും.. കളിതമാശകളുടെ വർണത്തിരികൾ കൊളുത്തിയ ക്ലാസ്സ്മുറികൾ.. ഭാവിയെ കൈക്കുമ്പിളിലാക്കാൻ വെമ്പിയവർ.. സൗഹൃദത്തിനും പ്രണയത്തിനും ദാഹിച്ചവർ.. ഗ്യാലറിയിലെ ഉടക്കച്ചടവാർന്ന ലാംഗ്വേജ് ക്ലാസ്സുകൾ.. പ്രാവുകളുടെ കുറുകൽ.. വിമർശനസിദ്ധാന്തങ്ങൾ കേട്ടുമടുത്ത തേനീച്ചയിരമ്പം.. വിരസതയ്ക്കു വിരാമമിട്ടെത്തുന്ന ഉച്ചയിടവേളകൾ.. പരദൂഷണങ്ങളുടെയും പാട്ടുത്സവങ്ങളുടെയും പരിഭവങ്ങളുടെയും പരാതികളുടെയും കലാവേദി.. ഇണങ്ങിയും പിണങ്ങിയും ചില പുഴയോരക്കാഴ്ചകൾ..
പൂവിളികളുടെ ഓണക്കാഴ്ചകൾ.. കലോത്സവദിനങ്ങൾ.. വിപ്ലവസ്മൃതികളുമായ് യൂണിയൻ തിരഞ്ഞെടുപ്പ്.. മയിലുകൾ നൃത്തം വെയ്ക്കുന്ന മൈതാനപ്പരപ്പിനെ അമ്പരപ്പിക്കുന്ന സ്പോർട്സ്മീറ്റുകൾ..
മാർച്ച് പരീക്ഷാച്ചൂടിൻറെയും വിടപറയലിൻറെയും ധൃതിപ്പെടൽ.. പൂവാക വിതിർത്ത ചുവപ്പ്.. നഷ്ടപ്പെടുന്ന സുരഭിലനിമിഷങ്ങളുടെയാകെ നെടുവീർപ്പുകളുടെ ചിലമ്പിച്ചമർമ്മരങ്ങൾ.. അങ്ങനെയങ്ങിനെ പറഞ്ഞുതീരാത്ത ഒത്തിരി വിശേഷങ്ങൾ.. 😃 അന്നുമിന്നും അനുഭവങ്ങൾക്കും അറിവുകൾക്കും ഗുൽമോഹർ ചുവപ്പ്.. അതെ അസ്തമയമില്ലാത്ത അസ്തമയച്ചുവപ്പ്.. 😜 നൂറുചുവപ്പൻ അഭിവാദ്യങ്ങൾ.. 😍😃

NB: ഇപ്പോഴും കേൾക്കാം അതുവഴി പോകുമ്പൊഴൊക്കെയും വാകമരത്തണലിൽ വിരിഞ്ഞ എൻറെ കവിതകൾ.. വെർച്വലിടത്തേക്കുളള പുതുവഴിത്താര..അവിടെയാണീ ബ്ലോഗെഴുത്തിൻറെ തുടക്കം.. കൃത്യമായിപ്പറഞ്ഞാൽ 2010 ലെ നിറങ്ങളുടെ ഉത്സവദിനത്തിലാണീ നിറമെഴുത്തിൻറെ തുടക്കം..         

(GCC- ഗവ: ചിറ്റൂർ കോളേജ്)

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

കുമ്പസാരം

ഒരു മഹാവൃക്ഷത്തിൻറെ കുമ്പസാരം:
(കുമ്പസാര രഹസ്യങ്ങൾ ചോർത്തരുതെന്നാണ്. എങ്കിലും ചില സത്യങ്ങൾ പറയാതെ വയ്യല്ലോ...)

മഞ്ഞുകാലത്തെ
മരംകോച്ചും തണുപ്പിൽ
ഇല പുതച്ചുറക്കം

വസന്തത്തിൻറെ നിറച്ചാർത്തിൽ
പൂക്കളുടെ ശിരോലങ്കാരം

കൊടും വേനലിൽ
ശിഖരത്തിൻറെ നോവറിയാതൊരു
ഇലപൊഴിക്കൽ

കർക്കിടകത്തിൽ
കനം പൊറുക്കാതൊരു
കടപുഴകൽ

പൂക്കളിറുക്കുമ്പോഴും
ഇലപൊഴിക്കുമ്പോഴും
കടപുഴകുമ്പോഴും
നോവാത്തൊരു ഹൃദയം
തലകുനിയാതെ ഉയർച്ചതേടുന്നു
അവനവനു വേണ്ടി
വേരുകളാഴ്ത്തുന്നു

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഓണച്ചിന്തുകൾ (ചില ഓണച്ചിന്തകളും)

ഇടവപ്പാതികളിൽ തളിർത്ത്
ചിങ്ങവെയിലുകളിൽ പൂത്തുലഞ്ഞ്
ഇടവഴികളിലൊക്കെയും
വസന്തമുണ്ടായിരുന്നു

അത്തപ്പൂക്കളങ്ങളിൽ
മത്സരിച്ചോടിയിറുത്ത
വർണ്ണങ്ങളും

വേലിപ്പടർപ്പിലെ
പച്ചിലക്കൊത്തി
കോളാമ്പിപ്പൂവിലെ തേനീച്ച
തുമ്പയിലെ കട്ടുറുമ്പ്
പൂക്കളരിയുമ്പോഴൊക്കെയും നീറ്റൽ

ചെമ്പരത്തിപ്പടർപ്പിലിപ്പോൾ
തേൻകുരുവികൾ വരാറില്ല
സൂചിമുഖിയും
വഴിയോരപ്പച്ചകൾ
വറ്റീ
ഓണക്കാഴ്ചകളും

പൂക്കളിപ്പോൾ
വീട്ടുമുറ്റത്തേക്കുളള യാത്രയിലാണ്
ഓണത്തിനെത്തും
വാളയാറിലെയോ
വേലാന്താവളത്തെയോ
ചെക്ക്പോസ്റ്റിലെവിടെയോ
ദൂരം കാത്തുകിടപ്പുണ്ട് 
വൈകരുതേയെന്ന പ്രാർത്ഥന
എൻറെയും നിങ്ങളുടെയും

മാവേലി വരാറുളളതായറിവില്ല
ഇനി വന്നാലും
എങ്ങിനെയറിയാനാ
പാളത്താറു ചുറ്റി തറ്റുടുത്ത്
അപരന്മാരല്ലേ നാടൊട്ടുക്കും

NB: കാലംമാറിയെങ്കിലും
കോലം മാറാതെ
കോരനിപ്പഴും കഞ്ഞികുമ്പിളിൽ തന്നെ 😄 😜

(ചിത്രം കടപ്പാട്- ഇൻറർനെറ്റ്)

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

വീട്

മലർക്കെ തുറന്നിട്ടൊരു
വാതിലു വേണം
നിന്നിലേക്ക് മാത്രമായ്
കയറിയിറങ്ങിപ്പോകാൻ

ഇട്ടാവട്ടത്തെ
കാഴ്ചകൾ തേടുന്നൊരു
ജാലകപ്പഴുതു വേണം
എന്നിലേക്കൊന്നെത്തി നോക്കാൻ

എല്ലാഋതുക്കളിലും
നേരംതെറ്റിയ നേരത്തും
വന്നുകേറാനും
തലചായ്ച്ചുറങ്ങാനും
പരസ്പരമറിഞ്ഞുണരാനും
പിണങ്ങിയിറങ്ങിപ്പോകാനും
തണലാകുന്നൊരു വീടു നാം

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

മൃതിച്ചിത്രങ്ങൾ

1.
ചില നിമിഷങ്ങളുണ്ട്-
കണ്ണട വെച്ചാലും
കാഴ്ച വറ്റും
കൈത്തണ്ടയിൽ
പാഞ്ഞോടിയ കാലം
പോലും നിലയ്ക്കും
തലകുനിച്ചൊന്നും മിണ്ടാതെ
എന്നിലെ ഞാനിറങ്ങിപ്പോകും..

2.
ആഭാസം തന്നെ,
യാത്രകളില്ലെങ്കിലും
കൂട്ടിക്കെട്ടിയ പെരുവിരൽ
ഇരുട്ടിലേക്കൊരു
ഒറ്റത്തിരി വെട്ടം
മടക്കമില്ലെന്നറിഞ്ഞിട്ടും
കണ്ണീരിൻറെ പിൻവിളി..

3.
നിഴൽ പറയും:
ചിതാവെളിച്ചത്തിൻറെ
തീജ്വാലകളെത്രയുണ്ടായിട്ടും;
കറുത്ത ഭീതിയിൽ,
എനിക്കു നിന്നെ
പിന്തുടരാനായില്ല..

4.
ഒരാണ്ടിൻറെ
ഓർമ്മപ്പുതുക്കലിൽ,
ചിറകടി കൊതിക്കുമ്പോൾ;
ബലിക്കാക്കയായി പിറവി

അന്നടുക്കളവട്ടത്തിൽ
പറന്നടുക്കേണ്ട
എച്ചിലിലയെടുക്കേണ്ട
വാഴക്കയിലിരുന്ന് കേഴണ്ട
പരേതനുളള മൃഷ്ടാന്നമുണ്ണാം.

കൊത്തിവിഴുങ്ങി
കൊക്കിലൊതുക്കി
പറക്കാനൊരുങ്ങുമ്പോൾ,
നിൻറെ പരിഭവം:

കൊത്തിപ്പറന്നത്
നെയ്യപ്പം മാത്രമല്ല
കനവുകൾ കൂടിയായിരുന്നു,
എന്നിട്ടും; കൈകൊട്ടി
തിരികെ വിളിച്ചില്ലേ,
സ്നേഹത്തിൻറെ ഒരു
ഉരുളയ്ക്കായി മാത്രം..

2015, ഓഗസ്റ്റ് 8, ശനിയാഴ്‌ച

പൊന്നോണക്കിനാവ്

കൈക്കുമ്പിൾ
തുളുമ്പിയില്ലെങ്കിലും
കട്ടുറുമ്പിന് ഒളിക്കാനെങ്കിലും
ഒരു തുമ്പവിടർന്നെങ്കിൽ

2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

മരിച്ചവരുടെ ദിനങ്ങൾ

തകർന്ന സ്വപ്നങ്ങളുടെ
പടക്കളത്തിൽ
നാം ബലിമൃഗങ്ങൾ

കുരുതിക്കു മുമ്പ്
കപടരക്ഷകരുടെ
കനിവൊരു പ്രാർത്ഥന
കുടിനീരിൻറെ ഒരുതുള്ളി
ആദ്യത്തേയും
അവസാനത്തെയും ദയ

ഓർമ്മകളുടെ പങ്കുപറ്റിയ
വാഴ്ത്തലുകൾ
ആൾക്കൂട്ടത്തിൻറെ
ആകാംക്ഷ
കണ്ണീരിൻറെ പശ്ചാത്താപം
കാൽതൊട്ടു വിടതരുമ്പോഴും
പലർക്കും സംശയത്തിൻറെ
ചിറികോട്ടിയൊരു കാക്കനോട്ടം

നേരമ്പോക്കുകളിൽ
നമ്മുടെ ജീവിതം
ഇല്ലാക്കഥകളുടെ ഇഴനെയ്യുകയാണ്
യാത്രകളിലോരോന്നിലും
നാം കാണാത്ത വ്യാഖ്യാനങ്ങൾ
പിറക്കാതെ പോയ
ഉണ്ണിയിപ്പോൾ
അവിഹിതഗർഭത്തിൻ തടവിലും
കുരുങ്ങിയ സാരിത്തുമ്പിന്
പുതിയ വർണ്ണങ്ങൾ

പ്രിയനേ
ഞാനിപ്പോഴും
പ്രണയനൈരാശ്യത്തിൽ
ജീവനൊടുക്കിയ കാമുകിയായ് കഥപടരുകയാണ്

സുഹൃത്തിനോട്

വാചാലതയുടെ നിമിഷങ്ങളിൽ
ചെറിയ ഇടവേളകളിൽ മാത്രം
കയറിവന്നിരുന്ന 'പിന്നെ'
പിന്നെപ്പിന്നെയില്ലാതായി

ഇന്നിപ്പോൾ
വാക്കുകൾ പിശുക്കി
മൗനംകൊണ്ട് മിണ്ടുന്നവരെങ്കിലും
ഒരുപാടുകാലം
ഒരുമിച്ചു നടന്നവർ നാം