2015, ഡിസംബർ 25, വെള്ളിയാഴ്‌ച

മത്സ്യകന്യക

പെണ്ണുങ്ങൾ
മീനുകളെപ്പോലെയാണെന്ന്
പൊടിമണലിൽ
കടലിരമ്പങ്ങളാൽ
ശില്പം കൊത്തുന്നു
ശംഖുമുഖം..

ജനസാഗരത്തിൻ
വലയിൽ
കുരുങ്ങരുതേയെന്ന
പ്രാർത്ഥന ;
നീലപ്പൊന്മാൻ
കൊത്തിയെടുക്കരുതേയെന്ന് കൊതിക്കുന്ന
ഊളിയിടലുകൾ..

പ്രണയം
മീൻകണ്ണുകളാണെന്ന്
ചില
പിടഞ്ഞ നോട്ടങ്ങൾ;
പെറ്റുകൂട്ടണമൊരായിരം
കുഞ്ഞുങ്ങളെന്ന്
ഓരോ മഴമൗനങ്ങളും
(ഇടവപ്പാതിയും)..
കടലമ്മയുടെ
ചിരിയിലൊരു
കരയ്ക്കടിയണമെന്ന്
ചാകര.

കാഴ്ചകൾ വരണ്ട്
ചെതുമ്പലുകളെഴുതിയ
വർണ്ണങ്ങൾ
അഴിച്ച്
വിറങ്ങലിച്ചഴുകുമ്പോൾ;
പിറ്റേന്ന്
ദുർഗന്ധം വമിക്കുന്ന
പെണ്ണുടലാകാമെന്ന്
ഓരോ മീനും
ഓർമ്മിപ്പിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ