2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഫെയ്സ്ബുക്ക് വരുന്നതിനു മുമ്പ്

അച്ചൂം അമ്മൂം
നിഷ്കളങ്കരായിരുന്നു
സിനിമാ നടികൾ
ശർക്കരപൊതിഞ്ഞ
പത്രക്കീറിലെ
ഒറ്റക്കണ്ണുള്ള ഇടംപാതി

കിളികളും പൂക്കളും
തൊടിയിലുണ്ടായിരുന്നു
ചില ചെന്നായ്ക്കൾ കാട്ടിലും
ആനിമൽ പ്ലാനറ്റിലും

അറിവിൽ
കൃഷ്ണൻ
ഗീതചൊല്ലിയ മഹാനും
മീര
കപടതയില്ലാത്ത ഭക്തയും

കമൻറടി വഴിവക്കത്തും
പോക്ക്
പരീക്ഷാഹാളിലും

കോമാളിച്ചിരികൾക്കു മുന്നേ
മൂളിത്തേഞ്ഞ വാക്കുകൾ
അതും കീപാഡ്
തേഞ്ഞുപൊട്ടിയത്

കണ്ടതെല്ലാം
പെണ്ണുടലുള്ള
പെൺരൂപങ്ങൾ

പറയാനുള്ളതെല്ലാം കുത്തിവരച്ചത്
കണക്കുനോട്ടിൻറെ
അവസാനതാളിൽ
അതുകണ്ടത്
കണക്കെഴുതാൻ
പേജുതിരഞ്ഞ അച്ഛനും
ഞാനും മാത്രം

അന്നു സൗഹൃദം
തൊട്ടുതൊട്ടിരിക്കുമ്പോൾ
പകുത്തെടുത്ത ഹൃദയം
പ്രണയം
പലവഴികളിലൊഴുകാത്ത
തെളിനീര്
ചതിയും കപടതയും
നിഘണ്ടുവിലൊളിച്ചിരുന്നത്

എല്ലാറ്റിനുമുപരി
അന്നു നാം ഒറ്റയ്ക്കു
ചായം തേച്ചചിത്രങ്ങൾ
നിങ്ങളാരും തിക്കിത്തിരക്കി
സെൽഫിയിലുണ്ടായിരുന്നില്ല😃

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ