2015, സെപ്റ്റംബർ 12, ശനിയാഴ്‌ച

മഴച്ചിത്രങ്ങൾ

രാത്രി
പെയ്തൊഴിഞ്ഞ
മഴയുടെ
ഓർമ്മച്ചിത്രങ്ങൾ
രാവിലെയുണ്ടാകും
മുറ്റത്തെയാകെ
നനച്ച്
കണ്ണീരുവരണ്ട
കവിൾത്തടം പോലെ
ഉപ്പുനീറ്റി
ഒട്ടിപ്പറ്റുന്നവ

തൊടിയിലുണ്ടാവും
കരഞ്ഞ് കരഞ്ഞ്
ഇറ്റിറ്റുരുകിയൊലിക്കുന്ന
ചില മർമ്മരങ്ങൾ

ഇലകൾ പറയും
ആടിയുലഞ്ഞുലഞ്ഞ്
ഒടുക്കം
പിടിവിട്ട്
മുഖമടച്ച്
നിലം പൊത്തിയ
കാറ്റോർമ്മകൾ

കാക്കക്കരച്ചിലിലുണ്ടാവും
കുളിരുന്ന
തൂവൽത്തുടി

അമ്മ പിറുപിറുക്കും
പിഴിഞ്ഞിടുന്ന
തുണികളെപ്പറ്റി
പുകയൂതുന്ന
വിറകുകളെപ്പറ്റി

തണുപ്പു
വിട്ടെഴുന്നേൽക്കാനാവാതെ
ഒരു വെയിലപ്പോൾ
ചിരിച്ചെത്തും
എങ്കിലും
വല്ലാത്തൊരു
മൂകതയായിരിക്കും
ആ പകലിന്
നവോഢയെപ്പോലെ
അധികം മിണ്ടാതെ
വല്ലാത്തൊരു
വീർപ്പുമുട്ടലും പേറിയിഴഞ്ഞിഴഞ്ഞങ്ങിനെ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ