2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

വീട്ടുതാറാവിനു പറയാനുളളത്

കൂട്ടംതെറ്റിയ
ദേശാടനങ്ങൾ
മഴക്കുളിരിൽ
മതിയാവോളം
മുങ്ങാംകുഴിയിട്ട
ജലസ്മൃതികൾ

നെല്ലു കൊത്തുമ്പോൾ
പരൽമീൻ പാച്ചിലുകൾ
കരയ്ക്കെത്താത്ത
നീന്തലുകൾ
തുഴമറന്ന്
നടന്നു തളർന്ന
കാലുകൾ

എത്ര തോർത്തിയാലും
അഴുക്കു പുരണ്ട
ഉടലുകൾ
ഇണയൊതുക്കം
കൊതിച്ച
ചിറകുകൾ
വിരഹപ്പൊഴിച്ചലിൽ
ഉറുമ്പരിച്ച
തൂവൽത്തഴമ്പുകൾ

ഒറ്റക്കാലിലെ
പേടിയറ്റ തളർച്ചകൾ
ചേറ്റുപാടങ്ങൾ
കിനാക്കണ്ട
ഉച്ചമയക്കങ്ങൾ
പനിവരുമ്പോൾ
കൊക്കുചേർത്തൊരു
വിതുമ്പൽ

കൊത്തിയിണങ്ങാനും
പിണങ്ങിയോടാനും
കൂട്ടുകൊതിക്കുന്ന
വീട്ടിണക്കത്തിൻറെ ഇടങ്ങളിലൊക്കെയും
ഏകാന്തത തുരുമ്പിച്ച
മൗനങ്ങൾ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ