2015, നവംബർ 3, ചൊവ്വാഴ്ച

സയൻസ് ഡയറി

ചെമ്പരത്തിച്ചോപ്പു
പടർന്ന
സസ്യശാസ്ത്ര
പുസ്തകത്തിനകത്താണ്
നാം
ഇലമുളച്ചികളായ്
വേരുപടർത്തിയത്.

പരാദങ്ങളെപ്പറ്റി
പഠിക്കുമ്പോൾ
കല്ലെറിഞ്ഞ മാവിലെ
ഇത്തിൾക്കണ്ണിയെ
ഓർത്തു.
പറ്റിപ്പിടിക്കുമ്പോൾ
കുരുങ്ങിക്കുരുത്ത
ഓർമ്മകൾ

ശ്വാസകോശത്തെ
വരയ്ക്കുമ്പോൾ
ഇടനെഞ്ചിലെവിടെയോ
നിൻറെ
മനസ്സുതിരഞ്ഞു
തലച്ചോറിനെ
അടയാളപ്പെടുത്തുമ്പോൾ
മെഡുല്ല ഒബ്ലാഗേറ്റയെ
ഓർക്കാനെത്ര പാടുപെട്ടു..

ഹൃദയത്തെപ്പറ്റി
പറയുമ്പോൾ
നാം
പ്രണയത്തിൻറെ രക്തമിറ്റിക്കുകയായിരുന്നു.

കണ്ണുകളെ
വരയ്ക്കുമ്പോഴൊക്കെയും
കരിമഷിക്കണ്ണുകൾ
കഥപറയുമായിരുന്നു.

ചെവിയിലെ
അസ്ഥികളെ
വരഞ്ഞുതീർക്കുമ്പോൾ
ഞാൻ നിന്നെ
മാത്രമായ്
കേൾക്കുകയായിരുന്നു.

നിന്നെ
മുഴുവനായ്
വരഞ്ഞുതീർക്കാൻ
ഒൻപതാം ക്ലാസ്സിലെ
പഠിപ്പിക്കാത്ത
പാഠമെത്തേണ്ടിയിരുന്നു.

ആൺകടൽക്കുതിരകൾ
പ്രസവിക്കുമെന്നെഴുതി
കറുപ്പിച്ചത്
വായിച്ചെത്ര നാം
അടക്കംപറഞ്ഞു
ചിരിച്ചിട്ടുണ്ട്.

രണ്ടു നഗ്നതകൾ
വരഞ്ഞെടുക്കുമ്പോൾ
ചില മുഴുപ്പുകളിലൊരു മിനുപ്പുകാണാം.
പ്രണയത്തിൻറെ ശാസ്ത്രം
മായ്ച്ചു മായ്ച്ചുതേഞ്ഞ
പേജുകളിന്നും
കീറിപ്പറിഞ്ഞുകിടപ്പുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ