2015, നവംബർ 19, വ്യാഴാഴ്‌ച

കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ

കടൽക്കാറ്റുപുതച്ച്
തണുപ്പു
വിട്ടെഴുന്നേൽക്കാൻ
മടിച്ച്
തിക്കിത്തിരക്കി
മഴമേഘങ്ങളെ വകഞ്ഞ്
ഇടംകണ്ണിട്ടൊന്നെത്തി
നോക്കി
വെയിൽച്ചിരിയുമായ്
പുലരി പൂക്കും.

നട്ടുച്ചകളിൽ
വിവേകാനന്ദപ്പാറയിൽ
മന്ത്രോച്ചാരണ
മൂകതയിൽ മുഴുകും
അലയടിച്ചെത്തുന്ന
തിരയുമ്മകളെ
കരയിലേക്കു
വഴിതെളിക്കും
ഉപ്പുകാറ്റാൽ
മുടിയിഴകൾ
മാടിയൊതുക്കും
ഉച്ചമയക്കത്തിൽ
കാഴ്ചമടക്കി
തിരികെപ്പോകും.

വെയിലാറുമ്പോൾ
വീണ്ടും
കടലനക്കങ്ങളിലേക്കും
വഴിയോരക്കാഴ്ചകളിലേക്കും കണ്ണോടിക്കും
കച്ചവടക്കാരിലേക്കു
കാതോർക്കും
തീരത്തു കടലിനും കാഴ്ചക്കാർക്കുമുത്സവം
സായാഹ്നച്ചിത്രങ്ങളിൽ
സിന്ദൂരം തൂവി
കടലിലേക്കാഴുംവരെ
ക്യാമറക്കണ്ണുകളുടെ
കാത്തിരിപ്പ്
നിലാവുദിക്കുമ്പോളും
പ്രണയം പൂക്കും ചുവപ്പ്
ഇരുട്ട് പരക്കുന്നതിൻറെ
മനോഹാരിത. 😘😘

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ