2015, നവംബർ 1, ഞായറാഴ്‌ച

അപൂർണ്ണത അക്ഷരമെഴുതുമ്പോൾ

അമ്മയിൽ നിന്നു തന്നെ,
അന്നുമിന്നും 'അ' പഠിച്ചത്;
ആ നന്മയെന്നും ഉണ്ടാവട്ടെ..

പക്ഷേ,
മുയലിനെ തോല്പിച്ച ആമയിൽ നിന്നോ
തയ്യൽക്കാരനെ പറ്റിച്ച ആനയിൽ നിന്നോ
ആയിരിക്കാം 'ആ' വരഞ്ഞത്..

ഐസ്ക്രീം നുണഞ്ഞല്ല,
ഐരാവതത്തിലേറിയാണന്നു-
ഞാൻ 'ഐ' പഠിച്ചത്..
ഓലപ്പീപ്പികളൂതിയാണന്നു നാം;
'ഓ' എന്നോതിയതും,
ഇന്നോർമ്മകളയവിറക്കുന്നതും..

പനയോളം ഉയർന്നാണു,
'ന' എന്നെഴുതിയതും,
നമ്മളിലേക്കൊതുങ്ങിയതും..
ഫലം, ബലം എന്നൊക്കെ
ഉരുവിട്ടപ്പോഴൊക്കെയും,
ബലവാൻറെ വീര്യമുണ്ടായിരുന്നു..

വയലിനിലേക്കെത്തും മുമ്പേ,
'യ'കുരുങ്ങിയ വയലുണ്ടായിരുന്നു..
ഷർട്ടിടാതെയാണന്നു,
കൃഷിയെന്തെന്നറിഞ്ഞതും,
മഷിത്തണ്ടുതൊട്ടു മായ്ച്ചതും..

                 ***********

NB: പരിചിതമായ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരം പഠിച്ചു തന്നെയാണു നമ്മുടെ കുട്ടികൾ മുന്നേറണ്ടത്.. പക്ഷേ, പാരമ്പര്യം, പദസമ്പത്ത്, പദവികൾ എന്നിവയാൽ സമ്പന്നമായ ഭാഷയുളളപ്പോൾ ചിരപരിചിതമായ ആംഗലേയപദങ്ങൾ ചേർത്തു വെച്ചു മലയാളം പഠിക്കേണ്ട അവസ്ഥ നമുക്കുണ്ടോ....?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ