2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

മാഞ്ഞുമറഞ്ഞ പൂക്കാലം

ബാല്യത്തിലേക്കൊരു യാത്രപോകണം. അവിടെ അല്ലലില്ലാത്ത പകലിലൊന്നു വിശ്രമിക്കണം. തൊടിയിലെ മാഞ്ചോട്ടിലും പാടവരമ്പത്തുമൊക്കെ ഒന്നോടിവീണ് മുട്ടുരയണം. മഴവേനലെന്നില്ലാതെ ഋതുവസന്തങ്ങളിലൊക്കെയും നമുക്കൊരിക്കൽ കൂടി കൈകോർത്തുല്ലസിക്കണം.

അവധിക്കാലങ്ങളൊന്നോർത്തെടുക്കണം. പാമ്പുകൾ വെയിൽ കായാനെത്തുമെന്ന് അമ്മ പേടിപ്പിച്ച മധ്യാഹ്നങ്ങളിൽ മാത്രമാണു നമുക്കു വിശ്രമം. അതും ആകാശവാണിയിലെ പാട്ടീണങ്ങൾക്കു താളമിട്ടൊരുറക്കം. വെയിലാറുന്നതുവരെ കാക്കാനിടയില്ലാത്ത എത്ര മധ്യാഹ്നങ്ങളുണ്ടായിരുന്നു നമുക്ക് കളിച്ചുല്ലസിക്കാൻ...

അവധിദിവസത്തിൻറെ ഇടവഴികളിലൊക്കെയും നാം അച്ഛനമ്മമാരായി വേഷമിടാറുണ്ടായിരുന്നു. കണ്ണൻചിരട്ടയിൽ പൂഴിനിറച്ച് മണ്ണപ്പംചുട്ട് നാമെത്ര വിശപ്പടക്കിയിട്ടുണ്ടെന്ന് ഓർക്കുന്നുവോ..? ശീമക്കൊന്നയിലകളുടെ പത്തുരൂപാനോട്ടുകൾ എണ്ണി നാമെത്ര യാത്രപോയിട്ടുണ്ട്.. നമുക്കന്ന് ഓലമടലിൽ കയറിട്ട ഒരുപാട് പശുക്കളുണ്ടായിരുന്നു. മധ്യാഹ്നത്തിൻറെ വെയിൽച്ചുരുക്കങ്ങളിൽ നാമെത്ര ആടുമേച്ചിട്ടുണ്ട്, പശുവിന് പുല്ലരിഞ്ഞിട്ടുണ്ട്.. ഓർക്കുന്നുവോ കരിമ്പനത്തണലിലിരുന്ന് കഥകൾ പറഞ്ഞതും അക്ഷരംവെച്ച് പാട്ടുകൾപാടിയതും അറിയപ്പെടാത്ത സ്ഥലനാമങ്ങൾ പറഞ്ഞുകളിച്ചതും.. പാടവരമ്പിൻറെ താഴ്വാരങ്ങളിൽ ഒളിച്ച്കളിച്ചതും.. എല്ലാം മറവിയിലേക്കു കുതിക്കും മുമ്പേ ഒന്നുകൂടി ഓർത്തെടുക്കണം.

നീണ്ട വേനലവധിയെക്കാൾ നമുക്കുപ്രിയം ഓണക്കാലം തന്നെ. ഓണപ്പരീക്ഷകഴിഞ്ഞ് വീട്ടിലേക്കു നടക്കുമ്പോഴൊക്കെയും പൂക്കളം ഒരുക്കുന്നതിനെപ്പറ്റിയായിരിക്കും ചിന്ത. പൂപ്പാത്രവുമെടുത്ത് വേലിപ്പടർപ്പിലും തോട്ടുവക്കത്തുമൊക്കെ പരതിനടക്കും. പൂപ്പാത്രം നിറയ്ക്കാനുളള മത്സരിച്ചോട്ടം. ഓണം നാലിലും വ്യത്യസ്തമാർന്ന പൂക്കളങ്ങൾ. പിന്നെ ഓണക്കോടിയുടുത്ത് ഉത്സാഹത്തിമർപ്പ്.  സദ്യവട്ടങ്ങളൊരുക്കി അമ്മയുടെ വിളികാത്തിരിപ്പ്. ഊഞ്ഞാലാട്ടവും ഒത്തുകൂടലിൻറെ ഓണക്കളികളും.. ആ പൊയ്പോയ ഓണക്കാലങ്ങൾക്ക് ഒരിക്കലും ഈ ചാനൽ വിരുന്നിൻറെ തിളക്കങ്ങൾ പകരംവെയ്ക്കാനാവില്ല.

മനസ്സിലിപ്പോഴും ആ പഴയ ഓണക്കാലത്തിൻറെ സ്മൃതിച്ചെപ്പ് കാത്തുവെയ്ക്കുന്നുണ്ട് ഞാൻ. വരും കാലത്തിനൊരു പഴങ്കഥയായ് വിളമ്പാൻ. വിരൽത്തുമ്പ് തൊട്ടുതുടച്ച് വെർച്വലിടത്തിൽ മുഴുകാനിഷ്ടപ്പെടുന്ന, നാട്ടുനന്മകൾ നഷ്ടമായ ലോകത്ത് അവർക്കുവേണ്ടി മറ്റെന്താണു നാം കാത്തുവെയ്ക്കുക.. ഈ സുന്ദരസ്മൃതികളല്ലാതെ.... 😍😃

(തലക്കെട്ടിനു കടപ്പാട് പ്രകൃതിയുടെ നിത്യകാമുകനായ കവിക്ക്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ