2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

ഒരു മഴക്കാലയാത്ര

തിക്കിത്തിരക്കുന്ന ബസ്സുയാത്രകളോ, നിന്നോടു പറ്റിച്ചേർന്ന് വാരിപ്പുണർന്നാസ്വദിക്കുന്ന സ്വകാര്യമായ ടൂവീലർ യാത്രകളോ, എല്ലാമെനിക്കു പ്രിയംകരം തന്നെ. അതിലൊക്കെയും ഓടിമറയുന്ന കാഴ്ചകളിലഭിരമിച്ച് ആസ്വദിക്കുന്നൊരു ഞാനുണ്ടെന്നതാണ് സത്യം. എങ്കിലും മഹാമൗനം കുടിച്ചിഴയുന്ന അനക്കമില്ലാത്ത തീവണ്ടിയാത്രകളാണെനിക്കേറെയിഷ്ടം.. മഴക്കോളു കാത്തിരിക്കുന്നൊരു ഇടവപ്പാതിക്കാലത്ത് പ്രിയനേ നാമൊരുമിച്ചൊരു യാത്രപോയത് ഓർക്കുന്നുവോ..? ജീവിതത്തിലേക്കെന്നപോലെ നീ കൈപിടിച്ചുകയറ്റിയ ആ യാത്രയുടെ മാധുര്യം ഞാനിന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു..

പുതുലോകം കണ്ട കുട്ടിയുടെ കൗതുകക്കണ്ണിലൂടെ ഞാനെല്ലാം നോക്കിക്കണ്ടു. ജനാലയ്ക്കരികിലായി രണ്ടു ഗുജറാത്തികൾ.  ഒരുപാതിയിൽ അവരോട് കുശലമെയ്യുന്ന സംസാരപ്രിയനായ മധ്യവയസ്കരായ ദമ്പതിമാർ  മറുപാതിയിൽ പിന്നെയുളളത് കാലുകൾ പിണച്ച് മടിയിലൊതുക്കിയ ബാഗിനുമുകളിൽ തുറന്നുവെച്ച ഡയറിത്താളും കയ്യിലൊരു പേനയുമായി ഒരു കണ്ണടക്കാരൻ. കണക്കുകൂട്ടലാണോ കവിതക്കുറിപ്പാണോ എന്നറിയാൻ വയ്യ. എങ്കിലും ആലോചനയിൽ മുഴുകിയും ഇടയ്ക്കിടെ കുത്തിക്കുറിച്ചും സമയംപോക്കുന്നൊരാൾ. പിന്നെയുളളത് എല്ലായാത്രകളിലും കണ്ടുമുട്ടുന്നൊരു പത്രവായനക്കാരൻ. പിന്നെ ഒറ്റസീറ്റുകളിൽ രണ്ടുപേർ ദീർഘയാത്രയുടെ ആലസ്യവും പേറി മയങ്ങുന്നവർ. സഹയാത്രികരോടൊപ്പം ഞാനും..

ജനാലയ്ക്കരികിൽ അല്ലെങ്കിലും കാഴ്ചകളെല്ലാം ധൃതിവെച്ച് പിറകിലേക്ക് ഓടിമറയുന്നതുകാണാം. പ്രകൃതിയുടെ വശ്യചാരുതയിലൂടെ, ആരുംതീണ്ടാത്ത മനോഹാരിതയിലൂടെ, കലങ്ങിമറഞ്ഞ പുഴയുടെ വിരിമാറിലൂടെ, നഗരത്തിരക്കാർന്ന ബഹളത്തിലേക്ക് നാം.. ഗതിവേഗങ്ങൾ നിയന്ത്രിച്ചൊടുവിലത് ആ മഹാമൗനത്തെയാകെ ഭഞ്ജിച്ച് നഗരക്കാഴ്ചയിലവസാനിച്ചു. യാത്രികരെല്ലാം പലവഴികളായ് പിരിഞ്ഞു. എറണാകുളം സൗത്തിലെ ചലനമില്ലാത്ത ആ തീവണ്ടിപ്പാതകൾ താണ്ടി നാം.. ഒടുവിൽ കടവന്തറയുടെ ബഹളക്കാഴ്ചകളിൽ ലയിച്ചു..

തിരികെയാത്രയിൽ ആലസ്യവും നിശ്ശബ്ദതകളും തളംകെട്ടിയ ഒരിടത്ത് മഴനനഞ്ഞ ഇണക്കിളികളായ് തണുപ്പ് പുതച്ച് നാമിരുന്നു..  ഓഫർലെറ്ററിൻറെ വിശേഷംപറച്ചിലിൻറെ തിരക്കിലായിരുന്നു നീ. സ്വപ്നങ്ങൾ നെയ്യുന്ന തിരക്കിലും നോട്ടം തെറ്റിച്ചെൻറെ കണ്ണുകൾ ജനാലപ്പുറംതേടിപ്പോയി.. മഴപെയ്തു തോർന്നിട്ടും ഇറ്റുവീഴുന്ന ചന്തങ്ങളെങ്ങും കാണാമായിരുന്നു. കലക്കമെന്തെന്നറിയാത്ത തെളിനീരുറവകൾ. മഴത്തുളളി വിതറിയ കൊച്ചോളങ്ങൾ, മീൻചാട്ടങ്ങൾ, ഊളിയിടുന്ന പൊന്മാനുകൾ.. കൂനിക്കൂടിയിരിക്കുന്ന പകൽ, വഴിമരങ്ങളിൽ പടർന്നേറിയ ഹരിതമനോഹാരിതകൾ, വസന്തത്തിൻറെ തളിരുകൾ, ഉതിർന്നുവീഴാനൊരുങ്ങുന്ന കവുങ്ങിൻ പാളകൾ, അങ്ങിനെയങ്ങിനെ.. പ്രകൃതിയുടെ ചന്തങ്ങളാവാഹിച്ച് നീലക്കണ്ണുകൾ..

കണ്ണിലിപ്പോഴുമുണ്ട് ഓർമ്മകളയവിറക്കി ആ തീവണ്ടിയാത്ര.. മഴപ്പകലിലെ ഒരു മനോഹരയാത്ര.. പെണ്ണുങ്ങൾ പുല്ലുപറിക്കാത്ത നഗരമലിനതകളില്ലാത്ത ഇടവഴികളിലൂടെ ഇനിയും നമുക്ക് യാത്രപോകണം എന്നാഗ്രഹത്തോടെ.. 😍😃

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ