2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

മൈന

നമ്മുടെ ശകുന വിശ്വാസങ്ങളൊക്കെയും പലപ്പോഴും ചിരിയുണർത്താറുണ്ട്. കുട്ടിക്കാലത്ത്  ഒറ്റമൈനയെക്കണ്ടാൽ അടികിട്ടുമെന്നു പേടിച്ച്, രണ്ടുമൈനയെ കാണാൻ ആകുലപ്പെട്ട വഴിമരങ്ങളുണ്ടായിരുന്നു. ഒറ്റ കാക്കയായാലും മതിയെന്നു തേടിയ നാട്ടിടവഴികളും. ഇന്നെനിക്കു പുറത്തേക്കിറങ്ങുമ്പോൾ എപ്പോഴും കണി, ഒറ്റക്കാലുള്ളൊരു സുന്ദരിമൈനയാണ്. അവരു പൊതുവെ കലഹപ്രിയരായതു കൊണ്ടത്രേ ഒറ്റമൈന നമുക്കുപണ്ട് ശത്രുവായത്. ആരാണ് വഴക്കിടാത്തത്, പിണങ്ങിപ്പിരിയാത്തത് എന്നിട്ടുമെന്തിനാണു നാം അവരുടെ പിണക്കത്തെ മാത്രം ഇത്രഭീകരമായി ചിത്രീകരിക്കുന്നത്...? സ്നേഹിക്കുമ്പോഴും, പിണങ്ങുമ്പോഴും ഇത്രസുന്ദരമായൊരു പക്ഷിമാതൃക എനിക്കു വേറെ തോന്നിയിട്ടില്ല.  അതിൻറെ ഇണയെപ്പറ്റിയാണെനിക്കാശ്ചര്യം കാലുവയ്യാത്ത ഇണയെ വിട്ട് അതൊരിക്കലും ദൂരെപ്പോകാറില്ല. ഒറ്റക്കാലുമായി പാതവക്കത്തെ പകുതിയരഞ്ഞ അരിമണികൾ പെറുക്കുമ്പോൾ, മുട്ടിലിഴയുന്ന യാചകരെ ഓർമ്മവരും. തത്തിച്ചാടി അതുനീങ്ങുമ്പോൾ എൻറെ കണ്ണുകളെപ്പോഴും മറുപാതിയെ തേടിപ്പോകും. അപ്പോൾ കാണാം വിളിപ്പുറത്തൊരു കൊമ്പിൽ  നിലത്തിരിക്കുന്ന ഇണയെയും നോക്കി ചിറകൊതുക്കിയിരിക്കുന്നത്.. പിണങ്ങുമ്പോൾ ബഹളംകൂട്ടി നാട്ടുകാരെയാകെ വിളിച്ചുകൂട്ടുംവിധം കൂവിയാർക്കും. പിന്നെ രണ്ടും രണ്ടറ്റത്തേക്ക് പറന്നുപോകും. നമ്മളും കാഴ്ചകളവസാനിപ്പിച്ച് മറ്റെന്തെങ്കിലും ചെയ്യുമ്പോഴായിരിക്കും തല്ലുകൂടിപ്പോയവർ ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടിൽ, കൊക്കുരുമ്മിപറന്നെത്തുക. കാർവാൻ എന്നാണ് ഇവിടെ പഴമക്കാരു വിളിക്കാറ് . പേരിലുളള വാഹനങ്ങളുമായി യാതൊരു ബന്ധവും കക്ഷികൾക്കില്ല. എപ്പോഴും കാറിക്കൊണ്ടിരിക്കുന്നതിനാലാവാം ആ പേരുവന്നത്.

പഴയൊരോർമ്മ ചികയുമ്പോൾ വീടിനുമുൻവശത്തെ തൊടിയിലൊരു തലപോയ തെങ്ങുണ്ടായിരുന്നു. മരംകൊത്തികൾ രാപ്പകലില്ലാതെ കൊത്തിയെടുത്തൊരു പൊത്ത്, അതിലുണ്ടായിരുന്നു. ഒരു വേനൽക്കാലത്താണ് അവിടേക്കു രണ്ടുമൈനകൾ കൂടേറിയത്. അവരു വന്നതിൽപ്പിന്നെയാണവിടെ മൗനമുറങ്ങിയത്. പൂട്ടിക്കിടന്നിരുന്നൊരു വീട്ടിലേക്ക് ആളനക്കങ്ങൾ എത്തിയ പ്രതീതി. അവരുടെ പിണക്കസ്വരങ്ങൾ കേട്ടുണർന്നിരുന്ന പതിവുപ്രഭാതങ്ങൾ, ഉച്ചമയക്കങ്ങൾ, സായാഹ്നത്തുടുപ്പ്.      ഇളംവെയിലിലും അന്തിചായാനൊരുങ്ങുന്ന ചെമ്മാനത്തുടുപ്പിലും മാത്രമാണവരൊന്നു പുൽച്ചാടിയെത്തപ്പി പാടത്തേക്കിറങ്ങുക. പകലുമുഴുവൻ, പഴങ്ങൾ നിറഞ്ഞ കഴിണിമരത്തണലുകളിലായിരുന്നു അവരുടെ കളിചിരികൾ.

അങ്ങനെയിരിക്കെ, ഒരു വിഷുദിവസം . ആകാശവാണിയുടെ പാട്ടീണം മൂളിയുറങ്ങാനൊരുങ്ങുന്ന ഒരുച്ചയ്ക്കാണ് സംഭവം. സമയം രണ്ടുമണി. നമ്മുടെ കക്ഷികൾ പൊരിഞ്ഞ വഴക്കിലാണ്. ശബ്ദം കേട്ട് പന്തികേടാണെന്നറിഞ്ഞ് മുറ്റത്തേക്കിറങ്ങുമ്പോഴും കാര്യം മനസ്സിലായില്ല.  സാധാരണയിൽക്കവിഞ്ഞൊന്നുമായിരിക്കില്ലെന്നു കരുതി തിരികെ നടക്കാനൊരുങ്ങുമ്പോഴാണ്, പരിചിതനല്ലാത്തൊരാളെ കണ്ടുമുട്ടുന്നത്. തൊട്ടടുത്ത തെങ്ങിൽ, കേണലിൻറെ ഗമയോടെ ഒരു ചുവന്ന തൊപ്പിക്കാരൻ. അപ്പോഴാണ് കാര്യത്തിൻറെ ഏതാണ്ടൊരു തുമ്പ് കിട്ടിയത്. ഒരു വീട്ടുടമസ്ഥൻറെ അവകാശത്തോടെയെത്തിയ തൊപ്പിക്കാരൻ മരംകൊത്തിയോടാണവരുടെ മത്സരിച്ചുളള വക്കാണം. കൊത്താനടുത്തും പിൻവാങ്ങിയും കാറിനിലവിളിച്ചു കൊണ്ടാണവരുടെ അങ്കം ഏതാണ്ടൊരു അഞ്ചുമണിവരെ നീണ്ടുകാണും. തത്സമയദൃശ്യങ്ങൾ പകർത്തിയ കൺകോണിലിന്നും ആ കാഴ്ചകളുണ്ട് . കൂടെ ക്യാമാറാമാനോ റിപ്പോർട്ടറോ ഇല്ലാതിരുന്നതിൽ ഇന്ന് ദുഃഖിക്കുന്നു. ആ രംഗത്തിൻറെ വിവരണം നടത്താനൊരു നമ്പ്യാരോ എഴുത്തച്ഛനോ വേണ്ടിയിരുന്നു എന്നുതോന്നും. ഇടവഴിയിലൊരാളെ ഒറ്റയ്ക്കുകിട്ടിയ ഗുണ്ടയുടെ സന്തോഷമായിരുന്നു അവരുടെ ബഹളംവെയ്ക്കലിൽ. ഇരുപേരും ചേർന്ന് കൊത്തിയ ക്ഷീണത്തിൽ മരംകൊത്തി കരഞ്ഞു കേഴുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് എപ്പോഴോ മറ്റൊരു മരംകൊത്തി പറന്നുവന്നു. വീടൊഴിക്കാൻ വന്ന തൊപ്പിക്കാരൻറെ സഹധർമ്മിണിയായിരിക്കാം. പുളളിക്കാരിയും കുറച്ചുനേരം എതിരിട്ടു നിന്നതിനുശേഷം പിൻവാങ്ങി. മരംകൊത്തി തളർന്നിരുന്നിട്ടും രണ്ടുപേരും ഉശിരോടെ പോരാടിയതിൻറെ രഹസ്യം പിന്നീടു കുറച്ചുനാളുകൾക്കുശേഷം, കുഞ്ഞുമൈനക്കുഞ്ഞുങ്ങൾ കരഞ്ഞുതുടങ്ങിയപ്പോഴാണ് മനസ്സിലായത്. മുട്ടയിട്ട കൂടൊഴിഞ്ഞ പോവാനാവാത്തതിനാലാണ് അവർ, മരംകൊത്തിയെ പൊരുതിനേരിട്ടത്. പിന്നെ  മൈനക്കുഞ്ഞുങ്ങൾ വളർന്നപ്പോൾ അവരെങ്ങോ പറന്നുപോയി.. പൊതുവെ വഴക്കാളികളെങ്കിലും അവരുടെ പരസ്പര സ്നേഹം എത്രവാഴ്ത്തിയാലും മതിയാവില്ല..

യാത്രകളവസാനിപ്പിച്ച് ഞാൻ വീട്ടിലൊതുങ്ങിക്കൂടിയപ്പോഴും പരാതിയില്ലായിരുന്നു ഒറ്റക്കാലുളള സുന്ദരിമൈനയും ഇണയും എന്നും രാവിലേ എന്നെക്കാണാൻ വീട്ടുമുറ്റത്തെത്താറുണ്ട്.. 😍 😃

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ